പൊന്നാനി: ഒരു പ്രദേശത്തിന്റെ സൗമ്യ മുഖവും മതേരത ആശയങ്ങളുടെ ശക്തനായ വാക്താവും പ്രയോക്താവും കെ പി സി സി നിർവാഹക സമിതി അംഗവുമായിരുന്ന അന്തരിച്ച വി സയ്യിദ് സെയ്ത് മുഹമ്മദ് തങ്ങളുടെ പേരിൽ പൊന്നാനിയിലെ ഒരു പള്ളിയിൽ പ്രാർത്ഥനാ സദസ്സും അനുസ്മരണവും അരങ്ങേറി. പൊന്നാനി ജനകീയ കൂട്ടായ്മ ബാനറിൽ മസ്ജിദുൽ ഇജാബ മുസമ്മിൽ വളപ്പിൽ ചേർന്ന പരിപാടി അന്തരിച്ച സാമൂഹ്യ നേതാവിന് പ്രദേശം നൽകിയ മഹത്തായ മരണാന്തര ബഹുമതിയായി.
സെയ്ത് മുഹമ്മദ് തങ്ങളുടെ ഓർമയും പ്രാർത്ഥനയും കൊണ്ട് നിർഭരമായ പരിപാടി പൊന്നാനി മഖ്‌ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി കെ എം മുഹമ്മദ് ഖാസിം കോയ അദ്ധ്യക്ഷത വഹിച്ചു.
അന്തരിച്ച സെയ്ത് മുഹമ്മദ് തങ്ങളുടെ മരിക്കാത്ത സമരണകൾ ചടങ്ങിൽ പ്രസംഗിച്ചവർ വാചാലമായി വെളിച്ചം വീശി. തങ്ങളുടെ വിയോഗം വരുത്തി വെച്ച വിടവ് വളരെ വലുതാണെന്നും കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പരാമർശിച്ചു.
പൊന്നാനി വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി മുഹമ്മദ് അഷ്റഫ്, വലിയ ജാറം മുതവല്ലി സയ്യിദ് അമീൻ തങ്ങൾ, സയ്യിദ് ഫള്ൽ തങ്ങൾ, ജഅ്ഫർ അസ്ഹരി കൈപ്പമംഗലം, അബ്ദുറഹിമാൻ മാസ്റ്റർ, എം അബ്ദുലത്തീഫ്, എ കെ ജബ്ബാർ, തറയിൽ റഫീഖ്, എ ബി ഉമർ, ഉസ്മാൻ കാമിൽ സഖാഫി, ഇസ്മായിൽ അൻവരി, അനസ് അംജദി മഖ്ദൂമി തുടങ്ങിയവർ സംസാരിച്ചു.
സെയ്ത് മുഹമ്മദ് തങ്ങൾ ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ഇമാമും ഖതീബുമായ അബ്ദുല്ല ബാഖവി ഇയ്യാട് ദുആ സദസ്സിന് നേതൃത്വം നൽകി. സിദ്ധീഖ് മൗലവി അയിലക്കാട് സ്വാഗതവും പി ശാഹുൽ ഹമീദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.