/sathyam/media/media_files/2025/02/01/7UyTfa8moWDNxoaxOW4Q.jpg)
കോട്ടയം: ബാറിൽ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥയെ തടയുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ വിവാദ വ്യവസായി അറസ്റ്റിൽ. ബാറിനും ഹോട്ടലിനും അനുമതി നൽകുന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ച കടുത്തുരുത്തി മാഞ്ഞൂർ ബീസാ ക്ലബ് ബാർ ഉടമ ഷാജിമോൻ ജോസഫിനെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെനീഷ് ഇല്ലിക്കൽ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ബാർ ജീവനക്കാരുടെ വെൽഫെയർ അടക്കം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന അബ്കാരി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ നദീറ ഇന്നലെ വൈകിട്ടോടെ മാഞ്ഞൂർ ബീസാ ക്ലബ് ബാറിൽ പരിശോധനയ്ക്ക് എത്തുകയായിരുന്നു.
ഈ സമയം ബാറിനുള്ളിലുണ്ടായിരുന്ന ഷാജിമോൻ ജോസഫ് ഇവരുടെ ജോലി തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. എറണാകുളം മുതൽ അഞ്ചു ജില്ലകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയാണ് നദീറ. ഇവരുടെ ജോലി തടയപ്പെടുത്തിയതിന് പിന്നാലെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ കടുത്തുരുത്തി പൊലീസ് ബാർ ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ് ഐ ശരണ്യ എസ് ദേവൻ , എസ് ഐ നാസർ , സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് , സിവിൽ പോലീസ് ഓഫീസർ മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബീസാ ക്ലബ് ബാർ ഉടമയായ ഷാജിമോൻ മുൻപും വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. നേരത്തെ ബാറിനും ഹോട്ടലിനും ലൈസൻസ് നൽകുന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ച് ഇദ്ദേഹം വിവാദത്തിൽ ഇടം പിടിച്ചിരുന്നു.