ഡിജിറ്റൽ അടിമത്തത്തിൽ നിന്നും മറികടക്കാൻ  വഴി കാട്ടി അബ്രാമോവിച്ച് മെത്തേഡ് വർക്ക്ഷോപ്പ്

New Update
PHOTO 2

കൊച്ചി: ഡിജിറ്റൽ ബഹളങ്ങളും അശ്രദ്ധയും ജീവിതത്തിന്റെ ഭാഗമായി മാറിയ ലോകത്ത്, അല്പനേരം നിശബ്ദമാകാനും സ്വയം ചിന്തിക്കാനും മറ്റുള്ളവരുമായി സംവദിക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു കൊച്ചി മുസിരിസ് ബിനാലയിൽ നടന്ന 'അബ്രാമോവിച്ച് മെത്തേഡ്' വർക്ക്ഷോപ്പ്. വർദ്ധിച്ചുവരുന്ന ഡിജിറ്റൽ വിപത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിശീലന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള അറുപതോളം പേർ പങ്കെടുത്തു.

2024-ലെ ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള കലാകാരന്മാരുടെ ആർട്ട് റിവ്യൂ പവർ 100 പട്ടികയിൽ ഇടംപിടിച്ച സെർബിയൻ ആർട്ടിസ്റ്റ് മറീന അബ്രാമോവിച്ച് വർഷങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണ് ഈ രീതി.  യുഎസ് ആസ്ഥാനമായുള്ള മറീന അബ്രാമോവിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്യൂറേറ്റർ ബില്ലി ഷാവോ വഴിയാണ് ഈ വ്യത്യസ്ത രീതി പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിയത്.

Advertisment

PHOTO 1



കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ എബിസി ആർട്ട് റൂം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിൽ രണ്ട് ബാച്ചുകളിലായാണ് വർക്ക്ഷോപ്പ് നടന്നത്.

ദൈർഘ്യമേറിയ പ്രകടനങ്ങൾ നടത്തുന്ന കലാകാരന്മാർക്കായി മറീന രൂപപ്പെടുത്തിയ വ്യായാമങ്ങളുടെ  ലഘുരൂപമാണ് ഇവിടെ അവതരിപ്പിച്ചതെന്ന് ബില്ലി ഷാവോ പറഞ്ഞു. സാധാരണയായി ഗ്രാമപ്രദേശങ്ങളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ വർക്ക്ഷോപ്പിൽ ഫോണോ വാച്ചോ ഇല്ലാതെ, ഉപവാസവും മൗനവും പാലിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് മനസ്സിനും ശരീരത്തിനും കൂടുതൽ വ്യക്തത നൽകാൻ സഹായിക്കുന്നു.

digital



കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൽ വില്ലിംഗ്ഡൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിൽ പ്രദർശിപ്പിച്ചിട്ടുള്ള മറീനയുടെ 'വാട്ടർഫാൾ' (2003) എന്ന സൃഷ്ടി ഏറെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു ശബ്ദകോലാഹലങ്ങളിൽ നിന്നുള്ള ഒരു വലിയ ആശ്വാസമായിരുന്നു ഈ വർക്ക്ഷോപ്പെന്ന് തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ ബിഎഫ്എ വിദ്യാർത്ഥിനി അഞ്ജു മന്യൻ അഭിപ്രായപ്പെട്ടു.

കൈകൾ കൂട്ടിതിരുമ്മി മുഖത്തെ ഞരമ്പുകളെ ഉണർത്തുന്ന വാം-അപ്പ് സെഷൻ, മുറിക്കുള്ളിൽ ക്ലോക്ക് വൈസ് ദിശയിലും ആന്റി-ക്ലോക്ക് വൈസ് ദിശയിലും നടക്കുക, പങ്കാളികളുടെ ശരീരത്തിലെ അഴുക്ക് കൈകൾ കൊണ്ട് തുടച്ചുമാറ്റുന്ന 'ഡ്രൈ വാഷിംഗ്' തുടങ്ങിയ വ്യായാമങ്ങൾ പരിശീലനത്തിന്റെ ഭാഗമായിരുന്നു. കൂടാതെ സാവധാനത്തിലുള്ള നടത്തം, പങ്കാളിയുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുക, ചുവരിലെ പ്രാഥമിക വർണ്ണങ്ങളിലേക്ക് ദീർഘനേരം നോക്കി നിൽക്കുക, ഒരു പാത്രത്തിലെ നെല്ലും അരിയും വേർതിരിച്ച് എണ്ണുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
 
ഫോണിൽ നിന്ന് മാറി നിന്നത് ധ്യാനനിരതമായ അനുഭവമായിരുന്നുവെന്നും നിറങ്ങളിലേക്ക് നോക്കി നിന്നപ്പോൾ  സർഗ്ഗാത്മക ചിന്തകൾ ഉയർന്നു വന്നുവെന്നും കൊച്ചിയിൽ നിന്ന് പരിശീലന കളരിയിൽ പങ്കെടുത്ത ഗരിമ ജയദേവൻ പറഞ്ഞു.

abc



ഓഫ്‌ലൈനായി ഇരിക്കുന്നത് മനസ്സിന്  ശാന്തത നൽകിയെന്ന് ചേർത്തലയിൽ നിന്നുള്ള നാടക പ്രവർത്തകരായ രാഹുൽ രാജീവും രാഹുൽ വർഗീസും അഭിപ്രായപ്പെട്ടു. വാക്കുകളില്ലാത്ത ആശയവിനിമയത്തിലൂടെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെട്ട ഒരു യാത്രയായിരുന്നു ഇതെന്ന് ആർഎൽവി കോളേജിലെ എംഎഫ്എ വിദ്യാർത്ഥിനി ശ്രീമയ മുകേഷ് പറഞ്ഞു.

ഗുജറാത്തിലെ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് വിദ്യാർത്ഥിനിയായ യാദ്‌വി ബരേജ യായിരുന്നു പരിശീലന പരിപാടിയിൽ ബില്ലി ഷാവോയുടെ സഹായി.  എറണാകുളത്ത് സ്റ്റാർട്ടപ്പ് സംരംഭത്തിൽ ജോലിചെയ്യുന്ന ആന്റണി ടിറ്റു ഡിസിൽവ, തൃശൂരിൽ നിന്നുള്ള ആർട്ട് ഡയറക്ടർ ജീവ ശോഭ, കൊല്ലത്ത് നിന്നുള്ള കലാകാരൻ അനുരാജ് രാജേന്ദ്രൻ എന്നിവരും ഈ വ്യത്യസ്ത അനുഭവം  ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് വ്യക്തമാക്കി.

Advertisment