കുമരകം: കോട്ടയം- കുമരകം റോഡിലെ കോണത്താറ്റ് പാലം നിര്‍മാണത്തിന് വെച്ചിരുന്ന കമ്പി മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കോണത്താറ്റ് കുന്നത്തുകളത്തില്‍ ബിനോയ് വിശ്വനാഥന്‍ (മണിക്കുട്ടന്‍ - 49) ആണു കുമരകം പോലീസിന്റെ പിടിയിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണു പ്രതിയെന്നും
പാലംപണിക്കു വേണ്ടിയെന്ന പേരില്‍ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു എന്നും സി.പി.എം ആരോപിക്കുന്നു.
കോണത്താറ്റ് പാലത്തിന്റെ നിര്‍മാണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമമാണ് ഇതോടെ വെളിവായത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അടുത്തയാളാണു പിടിയിലാ ബിനോയ് എന്നുമാണ് സി.പി.എം ആരോപണം. അതേ സമയം, ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാലം നിര്‍മിക്കാന്‍ കൊണ്ടിട്ടിരിക്കുന്ന കമ്പിയില്‍ കുറവുവന്നപ്പോള്‍ കരാറുകാരനാണ് 22ന് കുമരകം പോലീസില്‍ പരാതി നല്‍കിയത്. 1881 കിലോ കമ്പി മോഷണംപോയതായാണു പരാതി. കേസെടുത്ത പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു ബിനോയ് കുടുങ്ങിയത്.
സമീപത്തെ ബാങ്കിന്റെ സിസിടിവിയില്‍ ബിനോയ് കമ്പിയുമായി പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് പോലീസിനു കിട്ടുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ വീട്ടില്‍നിന്ന് ഏതാനും കമ്പികളും പോലീസ് കണ്ടെടുത്തു.
പുലര്‍ച്ചയോടെ കമ്പിയുമെടുത്ത് പോകുന്ന ഇയാള്‍ അന്നുതന്നെ ആക്രിക്ക് വിറ്റ് കാശാക്കുകയാണ് ചെയ്തിരുന്നത്. ഈ കാശ് മദ്യപിക്കാനാണു ചെലവാക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു. കുമരകം എസ്എച്ച്ഒ കെ ഷിജിയുടെ നേതൃത്വത്തില്‍ എസ്‌ഐ ഹരിഹരകുമാര്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.