/sathyam/media/media_files/2025/10/06/wim-movement-2025-10-06-15-50-11.jpg)
പാലക്കാട് : ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒമ്പത് വയസ്സുകാരിക്ക് കൈ മുറിച്ചുമാറ്റേണ്ടി വന്ന ദാരുണമായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് (WIM) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സ തേടിയ കുട്ടിയുടെ കൈ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നത്. ഈ സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ഒരു കുട്ടിയുടെ ഭാവി ജീവിതത്തെ ദുരിതത്തിലാക്കിയതെന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് ആരോപിച്ചു.
ചികിത്സാ പിഴവിന് കാരണക്കാരായ മുഴുവൻ ജീവനക്കാരെയും അധികാരികളെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തി
കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് അഷിത നജീബ്, ജനറൽ സെക്രട്ടറി ലൈല ഫക്രുദ്ദീൻ ,വൈസ് പ്രസിഡണ്ട് റുഖിയ അലി, ഷമീന, ജസീന, സീനത്ത് എന്നിവർ സംസാരിച്ചു