/sathyam/media/media_files/2026/01/01/823ddd14-700a-4646-bad3-e12db85d3508-2026-01-01-14-46-56.jpg)
കോട്ടയം: വിവാദങ്ങൾക്കൊടുവിൽ എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് സാറാമ്മ എബ്രഹാം സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. പ്രസിഡന്റ് അമ്പിളി സജീവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് അംഗങ്ങൾ, സെക്രട്ടറി മഞ്ജു, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എരുമേലിയിൽ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തിട്ടും പ്രസിഡന്റ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നില്ല എന്ന യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു.
24 അംഗ ഭരണസമിതിൽ 14 അംഗങ്ങൾ ഉള്ള യുഡിഎഫിനാണ് ഭൂരിപക്ഷം. എന്നാൽ, പട്ടിക വർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫിൽ പട്ടിക വർഗ അംഗം ആരും ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് യു.ഡി.എഫ് വിട്ടുനിന്നു. ഇതോടെ ക്വോറം ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുടങ്ങി. അതേസമയം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പങ്കെടുക്കുകയും വോട്ടെടുപ്പിലൂടെ കോൺഗ്രസിലെ സാറാമ്മ എബ്രഹാം വൈസ് പ്രസിഡന്റാവുകയും ചെയ്തു.
തുടർന്ന്, അടുത്ത ദിവസം ക്വോറം ബാധകമാകാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയും യുഡിഎഫ് വിട്ടു നിന്നെങ്കിലും വോട്ടെടുപ്പിൽ ഇടതുപക്ഷത്തെ ഏഴ് അംഗങ്ങളുടെ വോട്ടുകൾ നേടി സിപിഎം അംഗം അമ്പിളി സജീവൻ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. എന്നാൽ പ്രസിഡന്റ് ചുമതല ഏറ്റ ശേഷം വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അധികാര കൈമാറ്റം നടത്താൻ വിസമ്മതിച്ചെന്ന് അറിയിച്ച് യു.ഡി.എഫ് നേതൃത്വം കലക്ടർക്ക് പരാതി നൽകി. ഇതേതുടർന്നാണ് ഇന്നു സത്യപ്രതിജ്ഞ നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us