അജേഷിന്റെ ക്രിയേറ്റിവിറ്റി.... കഠിനമായ പ്രതിസന്ധിയെ പുഞ്ചിരിയോടെ നേരിടുന്ന അജേഷിന്റെ അതിജീവനം ആർക്കും വലിയൊരു പ്രചോദനമാണ്

New Update
20260222_090923
പാലക്കാട്‌ :ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗത്തിൽ 
സർഗാത്മക മികവുമായി മുന്നേറിയ കോട്ടായി സ്വദേശി അജേഷ് 
രോഗത്തോടും,വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യത്തോടും  പൊരുതിയാണ് ഐ ടി രംഗത്ത്  ഇടമുറപ്പിക്കുന്നത്. 
ജീവിതത്തില്‍ വിജയം നേടണമെന്ന ആഗ്രഹം ഇല്ലാത്തവര്‍ വിരളമായിരിക്കും.
പണമുണ്ടാക്കുകയോ സാമ്പത്തികമായി മുന്നേറുകയോ മാത്രമല്ല ജീവിത വിജയം.ഒരാള്‍ സംതൃപ്തിയോടെയും സമർപ്പണത്തോടെയും ജീവിതത്തെ സമീപിക്കുന്ന അവസ്ഥയാണത്.
ഇത്തരത്തിൽ വിജ്ഞാന വിതരണത്തിലും അറിവിന്റെ പ്രയോഗത്തിലും സാമൂഹ്യ സേവന രംഗത്തും ഒരു അതുല്യപ്രതിഭയാണ് കോട്ടായി സ്വദേശി കെ.എ.അജേഷ്.
  ഈ ലോകത്തിലെ ഓരോ വ്യക്തിയുടെയും ജീവിതം വ്യത്യസ്തമാണ്.അതിനാല്‍ തന്നെ ജീവിതത്തില്‍ വിജയം നേടാനും സമാധാനവും സന്തോഷവും കൈവരിക്കാനും അവര്‍ തേടുന്ന മാര്‍ഗ്ഗങ്ങളും വ്യത്യസ്തമായിരിക്കും.ചിന്തകളുടെയും മനോഭാവത്തിന്റെയും സവിശേഷതയാണ് അജേഷിനെ വ്യത്യസ്തമാക്കുന്നത്.തൊഴിലിനോടുള്ള ആത്മാർത്ഥത അജേഷ് എന്ന അധ്യാപകനെ എവിടെയും സമർപ്പിതനാക്കുന്നു.
ഐടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സ്വന്തം സേവനമേഖലകളെ വ്യത്യസ്തമാക്കുന്ന അധ്യാപകനായ കെ. എ.അജേഷ്, കാരുണ്യപ്രവർത്തനങ്ങളെ പുതിയ കാലത്തിന്റെ ഭാഷയിൽ പുനർവായന ചെയ്തത് അനുഗ്രഹമാവുകയാണ്. ദയ നടത്തുന്ന കാരുണ്യ വിപ്ലവ പരിപാടികളിൽ സൂക്ഷ്മമായ ഐടി സേവനമാണ് അജേഷിന്റെത്.
സംഭാവന ശേഖരണം എന്ന പതിവ് രീതിയെ,ജനങ്ങളെ ആവേശത്തിലാഴ്ത്തുന്ന ഒരു ഹൈടെക് സാമൂഹിക പ്രസ്ഥാനമായി കാരുണ്യ വിപ്ലവത്തെ മാറ്റുന്നതിൽ അജേഷിന് നിർണായക പങ്കുണ്ട്.
100 കണക്കിന് ബക്കറ്റുകളിലേക്കായി ലഭിക്കുന്ന സംഭാവനകൾ ഗൂഗിൾ ഷീറ്റ് അധിഷ്ഠിത ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനത്തിലൂടെ തത്സമയം അപ്‌ഡേറ്റ് ചെയ്ത്,വലിയ സ്ക്രീനുകളിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയൊരു ആവേശം സൃഷ്ടിച്ചു.ഓരോ നിമിഷവും ഓരോ ബക്കറ്റിലും വീഴുന്ന തുകകൾ പൊതുസമൂഹം കണ്ടറിഞ്ഞു.ഇതോടെ സംശയത്തിനും അവിശ്വാസത്തിനും ഇടമില്ലാത്ത ഒരു പൂർണ സുതാര്യതയുടെ പാത അവിടെ രൂപപ്പെട്ടു.
ഈ തത്സമയ വിവരാവിഷ്കാരം ബക്കറ്റ് വിപ്ലവത്തിൽ പങ്കെടുത്തവരിൽ സ്വാഭാവികമായൊരു മത്സരബോധവും ഉത്തരവാദിത്വവും സൃഷ്ടിച്ചു.കൂടുതൽ ആളുകളിലേക്ക് പിരിവ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ അതിവേഗം വർധിച്ചു.ഫലമായി, വെറും ആറു മണിക്കൂറിനുള്ളിൽ അമ്പത് ലക്ഷം രൂപയ്ക്കുമേൽ തുക സമാഹരിക്കപ്പെട്ടത് ഒരു കണക്കല്ല; അത് സാങ്കേതികവിദ്യ മനുഷ്യസ്‌നേഹത്തോട് ചേർന്നപ്പോൾ ഉണ്ടാകുന്ന വിശ്വാസത്തിന്റെ വിജയമാണ്.ബക്കറ്റ് കളക്ഷന്‍ അവസാനിച്ചതിന് ശേഷം സീല്‍ ചെയ്ത ബക്കറ്റുകള്‍ പൊട്ടിക്കുന്നതിന് മുമ്പ്  തന്നെ അതിനുളളിലുളള തുക അവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത.കോട്ടായി,മാത്തൂര്‍ , കുഴല്‍മന്ദം,മങ്കര,കണ്ണാടി, പൂക്കോട്ട്കാവ്,വെളളിനേഴി,കടമ്പഴിപ്പുറം എന്നിവിടങ്ങളിലെല്ലാം ദയ നടത്തിയ കാരുണ്യ വിപ്ലവങ്ങളില്‍ ആവേശം പടര്‍ത്തി ലക്ഷക്കണക്കിന് രൂപ സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐടി മേധാവിയെന്ന നിലയിൽ,ഈ കാരുണ്യ വിപ്ലവത്തിന് ഡിജിറ്റൽ മുഖം നൽകിയത് അജേഷ് മാഷാണ്.'ബക്കറ്റ് വിപ്ലവം’എന്ന ലളിതമായ ആശയത്തെ, ജനപങ്കാളിത്തവും ആഘോഷഭാവവും നിറഞ്ഞ ഒരു സാമൂഹിക മുന്നേറ്റമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചത് സാങ്കേതിക പരിജ്ഞാനം മാത്രമല്ല,മനുഷ്യ മനസ്സിനെ മനസ്സിലാക്കുന്ന ദൂരദർശിത്വവും കൊണ്ടാണ്.
കാരുണ്യം ഇനി കൈപ്പിരിവിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്ന്, വിശ്വാസം സൃഷ്ടിക്കുന്ന സുതാര്യ സംവിധാനങ്ങളിലൂടെ അത് സമൂഹത്തിന്റെ ഉത്സവമാക്കാൻ കഴിയുമെന്ന് ഈ ഹൈടെക് കാരുണ്യ മുന്നേറ്റം ഓർമ്മിപ്പിക്കുന്നു. ഗൂഗിൾ ഷീറ്റിൽ വിരിഞ്ഞ ഈ വിപ്ലവം,നാളെയുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകുന്നു. സാങ്കേതികവിദ്യ മനുഷ്യസ്‌നേഹത്തിന്റെ ശക്തമായ ആയുധമാകുന്ന കാലത്തിന്റെ പ്രഖ്യാപനമായി. കാരുണ്യ വിപ്ലവത്തിന് നേതൃത്വം നൽകിയ ബൂത്ത് ക്യപ്റ്റൻമാർ, വാർഡ് കൺവീനർമാർ, ലീഡർ ഇൻചാർജ് എന്നിവരുടെ ഓരോ ചലനങ്ങളും രേഖപ്പെടുത്താൻ മൂവ്മെൻ്റ് രജിസ്റ്ററും തയ്യാറാക്കിയിരുന്നു. 
പി.ജി.ഡി.സി എയും ,ഡി.ഡി എയും പാസായ ഇദ്ദേഹം അധ്യാപകനായി ജോലി നോക്കുന്നതിന് മുമ്പ് പാലക്കാട് കെ എസ് ഇ ബി ഡിവിഷനിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയിരുന്നു.ശമ്പളം, പെൻഷൻ,റവന്യൂ, ഫിക്സേഷൻ എന്നിവ കണക്കാക്കുന്നതിന്  വിവിധ പ്രോഗ്രാമുകൾ  നിർമ്മിച്ച് നൽകിയിട്ടുണ്ട്.
ഡിജിറ്റൽ സാങ്കേതിക കഴിവുകൾ മാത്രമല്ല, സർഗാത്മകത,ചിന്ത, സാങ്കേതിക പ്രശ്നപരിഹാര ശേഷി,വൈകാരിക സാമർഥ്യം തുടങ്ങിയ നൈപുണ്യങ്ങളും അജേഷിനുണ്ട്.
എട്ട് സങ്കീർണമായ ശസ്ത്രക്രിയകളും, റേഡിയേഷനും താണ്ടി മരണമുഖത്തു നിന്നും അജേഷ് ജീവിതത്തിലേക്ക് തിരികെ വന്നത് അക്ഷരങ്ങളുടെ കരുത്തിലാണ്.കോട്ടായി അപ്പുണ്ണിയേട്ടൻ വായനശാലയുടെ  'മോട്ടോർസൈക്കിളിൽ പുസ്തക വണ്ടി' എന്ന ആശയമാണ് വിജ്ഞാന  പ്രചാരണത്തിന്റെ മറ്റൊരു ഘടകം.സ്വാമി വിവേകാനന്ദന്റെ നാമധേയത്തിലുള്ള 
പ്രചോദന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും അജേഷിനെ തേടിയെത്തി.
 കുടുംബം നൽകുന്ന പൂർണ്ണ പിന്തുണയാണ് അജേഷിന് ആശ്വാസം.
അമ്മ:പത്മാവതി, ഭാര്യ:ചിത്ര,മക്കൾ: അലോഷ്യ,ആയുഷ്.
Advertisment

Advertisment