കർഷകർക്ക് ആത്മവിശ്വാസം നൽകുന്ന കാർഷിക പരീക്ഷണശാലകളാണ് ഫാമുകൾ : മന്ത്രി പി പ്രസാദ്

കൃഷിയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനാണ് ഫാം ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നത്. ആധുനിക കൃഷിരീതികളെ പരിചയപ്പെടുത്തി കർഷകർക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യം.

New Update
p prasad cpi

ആലപ്പുഴ: കർഷകർക്ക് ആത്മവിശ്വാസം നൽകുന്ന കാർഷിക പരീക്ഷണശാലകളാണ് ഫാമുകളെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ഫാം ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കൃഷിയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനാണ് ഫാം ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നത്. ആധുനിക കൃഷിരീതികളെ പരിചയപ്പെടുത്തി കർഷകർക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യം. 


മണ്ണും മനസ്സും തമ്മിലുള്ള മനോഹരമായ സംഗമം ഫാം ഫെസ്റ്റുകൾ വഴി സാധ്യമാകുന്നുവെന്നും, കൃഷി ആനന്ദത്തിനും ആരോഗ്യത്തിനും ആദായത്തിനും വഴിയൊരുക്കുന്ന പ്രവർത്തനമെന്ന സന്ദേശമാണ് ഇത്തരം ഫെസ്റ്റുകൾ ജനങ്ങളിലേക്കെത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


സർക്കാർ ഉടമസ്ഥതയിലുള്ള ഉത്തരവാദിത്വമുള്ള ഇടങ്ങളിൽ പരീക്ഷണമായി പുതിയ കൃഷി ചെയ്ത് വിജയിക്കുന്നത്, ഇത്തരം പുതിയ കൃഷികൾ ചെയ്യാൻ കർഷകർക്ക് പ്രചോദനം നൽകും. 

പരാജയങ്ങൾ വന്നാലും അവയിൽ നിന്നു പഠിച്ച് മുന്നോട്ടുപോകുന്നതാണ് കാർഷിക വികസനത്തിന്റെ അടിസ്ഥാനം എന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വിത്ത് ഉൽപാദന കേന്ദ്രത്തെ കാർബൺ ന്യൂട്രലായി മന്ത്രി പ്രഖ്യാപിച്ചു.


ഒക്കൽ ഗ്രാമപഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഒക്ടോബർ 14ന് സമാപിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 


വിവിധ കാർഷിക വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകൾ, കാർഷിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക പ്രദർശനവും വിപണനവും, സെമിനാറുകൾ ഡോക്യുമെന്ററി പ്രദർശനം, കലാപരിപാടികൾ, മഡ് ഫുട്ബോൾ, റെയിൻബോ ഡാൻസ്, ട്രഷർ ഹണ്ട്, ഭക്ഷ്യ മേള എന്നീ വിവിധ പരിപാടികളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. എൽസി ജോർജ്, ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ മിഥുൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ സനിത റഹിം, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി ജെ ബാബു, , ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, സ്ഥിരം സമിതി അധ്യക്ഷ അമൃത സജിൻ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ തോമസ് സാമുവേൽ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു നായർ, ഫാം സൂപ്രണ്ട് ബീത്തി ബാലചന്ദ്രൻ, ഫാം തൊഴിലാളി യൂണിയൻ പ്രതിനിധികളായ സി വി ശശി, കെ ഡി ഷാജി, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

Advertisment