തലവടി:പമ്പ നദിയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ ജനഹൃദയങ്ങളിൽ ഇടം പിടച്ചു.നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിൽ ആണ് 'തലവടി ചുണ്ടൻ' വിജയകിരീടം അണിഞ്ഞത്.
റിക്സൺ ഉമ്മൻ ക്യാപ്റ്റൻ ആയി കൈനകരി യു.ബി.സി തുഴഞ്ഞ തലവടി ചുണ്ടൻ പാരമ്പര്യവും പെരുമയും ഉള്ള ടീംമുകളെ പരാജയപ്പെടുത്തിയാണ് ഇരുകരകളിലായി തടിച്ചു കൂടിയ ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ ഹൃദയത്തിലേക്ക് സ്ഥാനം പിടിച്ചത്.സ്വന്തം തറവാട്ടിൽ കൈകരുത്തും മെയ്കരുത്തും ഉള്ള പ്രമുഖ ടീംമുകളെ മനക്കരുത്ത് കൊണ്ട് പമ്പ നദിയിലെ കന്നി അങ്കത്തിലൂടെ പരാജയപ്പെടുത്തി വിജയകിരീടമണിഞ്ഞപ്പോൾ ലോകമെമ്പാടുമുള്ള തലവടി ഗ്രാമവാസികൾ ഒന്നടങ്കം ആഹ്ളാദത്തിലാണ്.
/sathyam/media/media_files/HyQjbh29AGdqiF3xKJ3f.jpeg)
2023 ജനുവരി 1ന് ആണ് തലവടി ചുണ്ടൻ നീരണിഞ്ഞത്.ഇക്കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ആദ്യമായി മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മില്ലിസെക്കൻണ്ടുകളുടെ വ്യത്യാസത്തിലാണ് ട്രോഫി നഷ്ടമായത്. സാബു നാരായണൻ ആചാരിയുടെ 'ആറാം തമ്പുരാൻ ' എന്നാണ് ജലോത്സവ ലോകം തലവടി ചുണ്ടനെ വിശേഷിപ്പിക്കുന്നത്.82 തുഴച്ചിൽ ക്കാർ, 5 അമരക്കാർ, 7 നിലക്കാർ എന്നതാണ് വള്ളത്തിൻ്റെ ഘടന.
കെ.ആർ.ഗോപകുമാർ പ്രസിഡൻ്റ്, ജോജി ജെ വയലപ്പള്ളി സെക്രട്ടറി, പ്രിൻസ് പാലത്തിങ്കൽ ട്രഷററാർ എന്നിവർ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 31 അംഗ സമിതിയാണ് തലവടി ടൗൺ ബോട്ട് ക്ലബ്. ബ്രഹ്മശ്രീ നീലകണ്‌ഠരര് ആനന്ദ് പട്ടമന,ഫാദർ ഏബ്രഹാം തോമസ് എന്നിവർ രക്ഷാധികാരികളും ആണ്.
പുതുവത്സരദിനത്തിൽ 'തലവടി ചുണ്ടൻ' നീരണിഞ്ഞ പമ്പയാറിൽ നടന്ന മത്സരത്തിൽ നേടിയ വിജയം ഓഹരി ഉടമകൾക്ക് നല്കിയ ദക്ഷിണയാണെന്ന് മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ,തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ എന്നിവയുടെ പ്രോത്സാഹനമാണ് വിജയത്തിൻ്റെ പിന്നിലെ വിജയ രഹസ്യം.