ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ഇ-ലേണിങ് ലാബും ഉദ്ഘാടനം ചെയ്തു

New Update
699

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണി വികസന ഏജന്‍സിയായ അസാപ് കേരളയുടെ 15-ാമത് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ഇ-ലേണിങ് ലാബും മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 28,952  ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ സജ്ജമാക്കിയ സ്‌കില്‍ പാര്‍ക്കില്‍ നൂതനവും വിപണിയില്‍ ഡിമാന്‍ഡുള്ള നൈപുണ്യ പരിശീലന കോഴ്സുകളാണ് നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ആലപ്പുഴ എം.എല്‍.എ പി പി ചിത്തരഞ്ജന്‍ അധ്യക്ഷനായി.

Advertisment

''ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് പുതിയ വൈജ്ഞാനിക തൊഴില്‍ മേഖലകളില്‍ മികച്ച അവസരം കണ്ടെത്താനും അതിനാവശ്യമായ നൈപുണി പരിശീലനം അവര്‍ക്ക് നല്‍കാനും അസാപ് കേരളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ മികച്ച ഏജന്‍സിയായി അസാപ് മാറിക്കഴിഞ്ഞിരിക്കുന്നു. ആലപ്പുഴയിലെ തീരദേശ മേഖലയിലെ സാധാരണക്കാര്‍ക്ക് നൈപുണി പരിശീലനത്തിന് മികച്ച സംവിധാനങ്ങളും കോഴ്സുകളുമാണ് ചെറിയ കലവൂര്‍ കമ്യൂണിറ്റ് സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്,'' മന്ത്രി പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി കാരികേച്ചര്‍ നല്‍കി വിശിഷ്ട അതിഥികളെ സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായി. ആലപ്പുഴയിലെ കലാകാരന്മാരെ അനുമോദിക്കുകയും, യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. കൂടാതെ, കലവൂര്‍ സ്‌കില്‍ പാര്‍ക്കില്‍ ആസാപ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ആര്‍ട്ട്, മൊബൈല്‍ റിപ്പയര്‍, ബ്യൂട്ടി, സ്‌ക്യൂബ ഡൈവിങ് എന്നീ എക്സിബിഷന്‍ സന്ദര്‍ശിച്ച  മന്ത്രി  വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സ്‌കില്‍ പാര്‍ക്കിലെ ഇ-ലേര്‍ണിംഗ് ലാബ് നിര്‍മിച്ചത്. ഇവിടെ നൂതന ഐടി കോഴ്സുകളാണ് ഒരുക്കുന്നത്.

കോഴ്സുകളും പരിശീലന പങ്കാളികളും

തീരദേശ മേഖലയില്‍ തൊഴിലവസരങ്ങളുള്ള ഓപ്പണ്‍ വാട്ടര്‍ ഡൈവര്‍ കോഴ്സ്, അഡ്വാന്‍സ് ഓപ്പണ്‍ വാട്ടര്‍ ഡൈവര്‍ കോഴ്സ്, റെസ്‌ക്യൂ ഡൈവര്‍, ഡൈവ്മാസ്റ്റര്‍ കോഴ്സ്, എമര്‍ജന്‍സി ഫസ്റ്റ് റെസ്പോണ്‍സ്, PADI ഇന്‍സ്ട്രക്ടര്‍ വികസന കോഴ്സ്, ഡിപ്ലോമ ഇന്‍ ഹെയര്‍ ഡ്രസിംഗ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍  മേക്കപ്പ്, ഡിപ്ലോമ ഇന്‍ കോസ്മെറ്റോളജി, ഡിപ്ലോമ ഇന്‍ ബ്യൂട്ടി തെറാപ്പി എന്നീ കോഴ്സുകളാണ് ഈ സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കുന്നത്. ഇതിനായി ഓപണ്‍ വാട്ടര്‍ ഡൈവിങ് പരിശീലനം നല്‍കുന്ന ബോണ്ട് സഫാരിയുമായും, ബ്യൂട്ടി & മേക്കപ്പ് മേഖലയിലെ പ്രമുഖരായ നാച്ചുറല്‍സുമായും അസാപ് കേരള  ധാരണയിലെത്തിയിട്ടുണ്ട്.

ചടങ്ങില്‍ ഡോ. ഉഷ ടൈറ്റസ് (അസാപ് കേരള ചെയര്‍പേഴ്‌സണ്‍ & മാനേജിങ്ങ്   ഡയറക്ടര്‍), കെ ജി രാജേശ്വരി, (ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ജോയ് സെബാസ്റ്റ്യന്‍ (സി. ഇ. ഒ & കോ-ഫൗണ്ടര്‍ ഡയറക്ടര്‍, ടെക്ജന്‍ഷ്യ), കെ. ഡി. മഹീന്ദ്രന്‍  (പ്രസിഡന്റ്, ആര്യാട് ബ്ലോക്ക്  പഞ്ചായത്ത്), കെ. കെ. ജയമ്മ (ചെയര്‍പേഴ്സണ്‍, ആലപ്പുഴ മുനിസിപ്പാലിറ്റി) ടി. വി. അജിത്ത്കുമാര്‍ (പ്രസിഡന്റ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്), പി.പി. സംഗീത (പ്രസിഡന്റ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്) സുദര്‍ശനാഭായി (പ്രസിഡന്റ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്), ജി. ബിജുമോന്‍ (പ്രസിഡന്റ്, ആര്യാട് ഗ്രാമപഞ്ചായത്ത് ), ലെഫ്: കമാന്‍ഡര്‍ സജിത്കുമാര്‍ ഇ വി (റിട്ട.) (ഹെഡ് - അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്സ് ), രാകേഷ് കെ.വി (അസ്സോസിയേറ്റ് ഡയറക്ടര്‍, സി.എസ്.പി സെന്‍ട്രല്‍ സോണ്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment