സേവന മേഖലക്കും കാർഷിക വികസനത്തിനും ഊന്നൽ നൽകി ജില്ല പഞ്ചായത്ത് ബജറ്റ്

ആകെ 116,10,03,750 രൂപ വരവും 115,47,03,750 രൂപ ചെലവും 63,00,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 

New Update
Alappuzha District Panchayat

ആലപ്പുഴ: സമൂഹത്തിന് വിപത്താകുന്ന ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കും തൊഴിൽ മേളയുടെ തുടർച്ചയായി തൊഴിൽ അന്വേഷകർക്ക് വിവിധ ഭാഷകൾ പഠിക്കാൻ അസാപ്പുമായി ചേർന്ന് പ്രത്യേക പദ്ധതി ഒരുക്കിയും വൃദ്ധ ജനങ്ങൾക്ക് ആശ്രയമായി സമഗ്രപാലിയേറ്റീവ് കെയർ പദ്ധതിക്ക് തുക മാറ്റിവച്ചും ജില്ല പഞ്ചായത്തിന്റെ 2025-26 വർഷത്തെ സമന്വയം ബജറ്റ്.

Advertisment

സേവന മേഖലക്കും കാർഷിക വികസനത്തിനും പ്രധാന്യം നൽകിയുള്ളതാണ് ബജറ്റ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദാണ്  ബജറ്റ് അവതരിപ്പിച്ചത്.


ആകെ 116,10,03,750 രൂപ വരവും 115,47,03,750 രൂപ ചെലവും 63,00,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 


സേവന മേഖലയ്ക്ക് 53.90 കോടി രൂപയും കാർഷിക വികസനത്തിന് 5.08 കോടി രൂപയും ബജറ്റിൽ വകയിരുത്തുയിട്ടുണ്ട്. ഉൽപ്പാദന മേഖലയിൽ 15.54 കോടി രൂപയാണ് വകയിരുത്തിയത്. 

കാർഷിക മേഖല

നാളികേരം, നെൽവിത്ത്, പച്ചക്കറി തൈകൾ, കിഴങ്ങ്, എള്ള് എന്നിവക്ക് നഴ്‌സറി ആരംഭിക്കുന്ന വിത്ത് ഗ്രാമം പദ്ധതിക്ക് 1.75 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. 

കൃഷിയുടെ ആധുനികീകരണത്തിനുള്ള പദ്ധതിയായ മഴമറക്ക് 50 ലക്ഷം രൂപ, നെൽകൃഷിക്ക് കൂലിചെലവ് സബ്‌സിഡിക്കായി ഒരു കോടി, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടി, മില്ലറ്റ് കൃഷിക്ക് 10 ലക്ഷം രൂപയും വകയിരുത്തി.

ലഹരിക്കെതിരെ യുദ്ധം

ലഹരിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2.2 കോടി രൂപ ജില്ല പഞ്ചായത്ത് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

സ്‌പോർട്‌സ് ആണ് ലഹരി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ കുട്ടികളെയും കായിക പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന് 50 ലക്ഷം രൂപ, ലഹരിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാസ ലഹരിക്കെതിരെ ജീവിത ലഹരി പദ്ധതിക്ക് 50 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യ മേഖല

സമഗ്ര പാലിയേറ്റീവ് കെയർ പദ്ധതിയായ ഒപ്പം പദ്ധതിക്ക് 50 ലക്ഷം രൂപ, ആരോഗ്യ ബോധവൽക്കരണത്തിനായുള്ള ആരോഗ്യ വണ്ടി പദ്ധതിയ്ക്ക് 25 ലക്ഷം രൂപ, ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികളിൽ കുട്ടികളുടെ പാർക്ക് - കളിത്തൊട്ടിൽ പദ്ധതിക്ക് 25 ലക്ഷം രൂപ,  ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനത്തിനായി 5 കോടി രൂപ, മാവേലിക്കര ജില്ലാ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റിനും അനുബന്ധ പ്രവർത്തനങ്ങൾക്കും 1.5 കോടി രൂപ എന്നിവയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

മത്സ്യ മേഖല

മത്സ്യബന്ധനമേഖലയിൽ രണ്ട് കോടി രൂപയാണ്. ഈ മേഖലയിൽ വനിതകൾക്ക് മൂല്യ വർദ്ധന ഉൽപ്പാദന യൂണിറ്റ് പദ്ധതികൾക്ക് ഇതിൽ നിന്ന്  25 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

ക്ഷീര വികസനം

ക്ഷീര വികസനത്തിന് 1.5 കോടി രൂപയും ഉണ്ട്. പാൽ സബ്‌സിഡി നൽകുന്നതിന് 60 ലക്ഷം രൂപ,ചാണകം ഉണക്കിപ്പൊടിച്ച് ജൈവ വളമാക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം എന്നിങ്ങനെയും ബജറ്റിൽ തുക മാറ്റിവെച്ചിട്ടുണ്ട്.

ഭവനപദ്ധതി,കയർമേഖല

 ഈ ബജറ്റിൽ ഭവന പദ്ധതിക്കായി 11 കോടി രൂപയാണ് വകയിരുത്തിയത്.  കയർ മേഖലയിലെ ആധുനികവൽക്കരണത്തിന് 50 ലക്ഷം, ഖാദി യൂണിറ്റ് പുനരുദ്ധാരണത്തിന് 50 ലക്ഷം, ലൈഫ് പദ്ധതി ജില്ലാ പഞ്ചായത്ത് വിഹിതം നൽകുന്നതിന് 10 കോടി, ട്രാൻസ്‌ജെൻഡേഴ്‌സിന് സാമൂഹിക സുരക്ഷയും തൊഴിൽ പരിശീലനവും നൽകുന്നതിന് 25 ലക്ഷം, എച്ച്.ഐ.വി. ബാധിതർക്ക് പോഷകാഹരം നൽകുന്ന പാഥേയം പദ്ധതിയ്ക്ക് 70 ലക്ഷം രൂപ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മരുന്ന് വാങ്ങി നൽകുന്ന മാനസം പദ്ധതിയ്ക്ക് 10 ലക്ഷം, ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് പി.എസ്.സി ഓൺലൈൻ പരിശീലനം നൽകുന്ന പുണ്യം പദ്ധതിക്ക് 10 ലക്ഷം, ജന്റർപാർക്ക് ഡേ കെയർ പദ്ധതിയായ വാത്സല്യം പദ്ധതിക്ക് 10 ലക്ഷം, സമഗ്ര വിദ്യാഭ്യാസ പദ്ധതി കരുതലോടെ കൂടൊരുക്കാം പദ്ധതിക്ക് 20 ലക്ഷം, വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽ മേളക്കായി 10 ലക്ഷം, ഫിറ്റ്‌നസ് സെന്റർ നിർമ്മാണം -ഉല്ലാസം പദ്ധതിക്ക് 25 ലക്ഷം എന്നിങ്ങനെ 
തുക വകയിരുത്തിയിട്ടുണ്ട്. 

പട്ടികജാതി വികസനം

പട്ടികജാതി വികസനത്തിന് 16.12 കോടി വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിന് 4.75 കോടി, പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകുന്നതിന് 50 ലക്ഷം, പട്ടികജാതി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകുന്നതിന് 50 ലക്ഷം എന്നിങ്ങനെയും  വകയിരുത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ മേഖലയിൽ 90.08 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. 

പശ്ചാത്തല വികസനം

 പശ്ചാത്തല വികസന മേഖലയിൽ 25.40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിവിധ ഡിവിഷനുകളിലെ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി 11.50 കോടി, അങ്കണവാടി കെട്ടിട നിർമ്മാണത്തിന് 25 ലക്ഷം, ജില്ലാ പഞ്ചായത്ത് ഓഫീസിന് ലിഫ്റ്റ്, സോളാർ പാനൽ, ആർ ഒ പ്ലാന്റ് എന്നിവക്കായി 50 ലക്ഷം, ശുചിത്വ മേഖലയിൽ ഗ്രാമപഞ്ചായത്തുകൾക്ക് ശുചിത്വ പദ്ധതികൾക്കായി വിഹിതം നൽകുന്നത്തിന് 1.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ.ടി എസ് താഹ, ബിനു ഐസക് രാജു, എം വി പ്രിയ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ജി സന്തോഷ്, പി എസ് ഷാജി, അഡ്വ.ആർ റിയാസ്, സി കെ ഹേമലത മോഹൻ, സജി മോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബ രാകേഷ്, വി ആർ രജിത, കെ എം സലീം എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് സ്വാഗതവും സീനിയർ സൂപ്രണ്ട് പി വി വിനോദ് നന്ദിയും പറഞ്ഞു. 

 ജില്ല പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ബജറ്റ് അവതരണ യോഗത്തിൽ പങ്കെടുത്തു.

കളക്ട്രേറ്റിൽ ഫിറ്റ്‌നസ് സെന്റർ

ജില്ല പഞ്ചായത്ത് ജീവനക്കാർക്കും കളക്ട്രേറ്റിലെ ജീവനക്കാർക്കും വനിത ജനപ്രതിനിധികൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ല പഞ്ചായത്തിൽ ഫിറ്റ്‌നസ് സെന്റർ തുടങ്ങുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജീവനക്കാരുടെ ശാരീരിക ക്ഷമത വർധിപ്പിക്കാനും ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കാനുമാണ് ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് ഉല്ലാസം എന്ന പേരിൽ ഫിറ്റ്‌നസ് സെന്റർ ആരംഭിക്കുന്നത്. ഇതിനായി 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Advertisment