ആലപ്പുഴ: നാലു വർഷത്തിനിടയിൽ സംസ്ഥാന തലത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ നേടാൻ സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു.
ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്.
ആരോഗ്യ മേഖലയിൽ നടത്തിയ വ്യത്യസ്തമായ ഇടപെടലുകളുടെ ഭാഗമായി രണ്ടുതവണ ആർദ്രം പുരസ്‌കാരവും സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കിയ പ്രവർത്തങ്ങളുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ ജില്ലക്കുള്ള ഭിന്നശേഷി സൗഹൃദ പുരസ്‌കാരവും നേടാനായി.
ലഹരി ഉപയോഗത്തിനെതിരെയുള്ള സ്‌പോർട്‌സാണ് ലഹരി പദ്ധതിക്ക് കൂടുതൽ പരിഗണന നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷം വലിയ കുതിച്ചുചാട്ടമാണ് കായിക മേഖലയിൽ ഉണ്ടാക്കാൻ സാധിച്ചത്.
കനോയിങ് കയാക്കിങ് അടക്കമുള്ള കായിക മേഖലകളിൽ ദേശീയ മെഡലുകളടക്കം നേടാനായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സ്‌കൂളുകളിലും കായിക അധ്യാപകരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വിജ്ഞാന സമ്പദ് വ്യവസ്ഥയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിജ്ഞാനകേരളം പദ്ധതി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുകയാണ്.
ഇതിനുമുന്നോടിയായുള്ള വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഈ വർഷം നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പാലിയേറ്റീവ് രംഗത്ത് 250 ഓളം വളണ്ടിയർമാർക്ക് പരിശീലനം നൽകിയ സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തും ആലപ്പുഴയാണ്.
ജെൻഡർ പാർക്ക് സ്ത്രീ സൗഹൃദ കേന്ദ്രമാക്കി മാറ്റാനും അവിടെ ഓഡിറ്റോറിയം അടക്കം നിർമ്മിച്ചുകൊണ്ട് തനത് വരുമാനം വർദ്ധിപ്പിക്കാനും സാധിച്ചു.
മാലിന്യ സംസ്‌കരണത്തിന് അജണ്ട വെച്ച് സംസ്ഥാനത്ത് ആദ്യമായി കർമ്മ പദ്ധതി തയ്യാറാക്കിയതും ആലപ്പുഴ ജില്ലാ പഞ്ചായത്താണ്.
തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് എബിസി സെന്റുകൾ ഒരുക്കിയിട്ടുണ്ട്.
കണിച്ചുകുളങ്ങരയിലെ എബിസി സെന്ററിന്റെ ഉദ്ഘാടനം മാർച്ച് 27ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും. ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ എബിസി സെൻറർ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഭരണസമിതിയുടെ അഞ്ചാമത്തെയും അവസാനത്തെയും ബജറ്റ് ഏറെ അഭിമാനത്തോടെയാണ് അവതരിപ്പിക്കാനായതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.