ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിരവികസന പദ്ധതികൾ പ്രാദേശികാടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ അനുരൂപപ്പെടുത്തുന്നതിനും പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി തയ്യാറാക്കേണ്ടത് അനിവാര്യമാണ്.
ഈയൊരു ഉദ്ദേശത്തോടുകൂടിയാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ(കെഎസ്ബിബി) സാമ്പത്തിക, സാങ്കേതിക സഹായത്തോടെ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബിഎംസി)യുടെ നേതൃത്വത്തിൽ പ്രാദേശികതല കർമ്മ പദ്ധതി തയാറാക്കിയത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, സബിത മനു, പഞ്ചായത്തംഗങ്ങളായ എ ഡി ആന്റണി, ഗിരിജ ബിനോദ്, സന്തോഷ് പട്ടണം, സിഡിഎസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദാക്ഷൻ, കെഎസ്ബിബി ജില്ലാ കോ ഓർഡിനേറ്റർ ശ്രുതി ജോസ്, പഞ്ചായത്ത് സെക്രട്ടറി ജി റ്റി അഭിലാഷ്, ബിഎംസി അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവരശേഖരണ സന്നദ്ധപ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.