ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി വഴി ഉല്പാദിപ്പിച്ച നെൽവിത്ത് വിതരണോദ്ഘാടനം ഇന്ന്(ജൂലൈ 3 ന്) വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. ഗുണമേന്മയുള്ള നെൽവിത്ത് പ്രാദേശികമായി ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'വിത്ത് ഗ്രാമം' എന്ന പേരിൽ നെൽവിത്ത് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചത്.
കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മാവേലിക്കര നൂറനാട് ഭാഗത്തുള്ള പാടശേഖരങ്ങളിലാണ് വിത്ത് ഉത്പാദനം നടത്തുന്നത്.
അറുന്നൂറ്റിമംഗലം സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ എച്ച് സലാം എംഎൽഎ മുഖ്യാതിഥിയാകും.
നഗരസഭ വൈസ് ചെയർപേഴ്സൺ പി എസ് എം ഹുസൈൻ മന്ത്രിയിൽ നിന്ന് വിത്ത് ഏറ്റുവാങ്ങും. ഒരു ലക്ഷം പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ് നിർവഹിക്കും.
ആര്യാട് പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് ലാൽ പച്ചക്കറിത്തൈ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക്ക് രാജു, വത്സല മോഹൻ, എം വി പ്രിയ, അഡ്വ. ടി എസ് താഹ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, ഫാംസ് അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.