പുതു തലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിൽ ലൈബ്രറി പ്രസ്ഥാനത്തിന് വലിയ പ്രാധാന്യം : എച്ച് സലാം എം. എൽ .എ

മനുഷ്യനെ ചേർത്തു പിടിക്കുന്ന ജീവിത സംസ്‌കാരം രൂപപ്പെടുത്താൻ പുസ്തകങ്ങൾക്കും വായനശാലകൾക്കും കഴിയുമെന്നും എല്ലാ മനുഷ്യരും സമന്മാരാണെന്ന ബോധം സൃഷ്ടിക്കാൻ ഇവയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

New Update
images(942)

ആലപ്പുഴ: പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് ആനയിക്കുന്നതിൽ ലൈബ്രറി പ്രസ്ഥാനത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് എച്ച് സലാം എംഎല്‍എ. 

Advertisment

അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപനവും ഐവി ദാസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. 

മനുഷ്യനെ ചേർത്തു പിടിക്കുന്ന ജീവിത സംസ്‌കാരം രൂപപ്പെടുത്താൻ പുസ്തകങ്ങൾക്കും വായനശാലകൾക്കും കഴിയുമെന്നും എല്ലാ മനുഷ്യരും സമന്മാരാണെന്ന ബോധം സൃഷ്ടിക്കാൻ ഇവയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.


പഴവീട് വിജ്ഞാനപ്രദായിനി വായനശാലയില്‍ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി ഉത്തമന്‍ അധ്യക്ഷത വഹിച്ചു. 


പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം സി കെ സുധാകരപ്പണിക്കര്‍ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം മാക്കിയില്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ രമേശ്, സി കെ രതികുമാര്‍, കെ പി കൃഷ്ണദാസ്, ബാലന്‍ സി നായര്‍, എസ് രാധാകൃഷ്ണന്‍, എന്‍ എസ് രാധാകൃഷ്ണന്‍,ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, സാക്ഷരതാ മിഷൻ ജില്ല കോ-ഓഡിനേറ്റർ കെ.വി.രതീഷ് എന്നിവർ സംസാരിച്ചു. 

ജില്ലാതല വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഇഷ്ടപുസ്തകം, ആര്‍ക്കും പറയാം’ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും, സാക്ഷരതാ മിഷൻ തുല്യത പഠിതാക്കൾക്കായി നടത്തിയ വായനാമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടന്നു.

Advertisment