/sathyam/media/media_files/2025/07/30/images1513-2025-07-30-01-33-50.jpg)
ചേർത്തല: പട്ടയ അർഹതയുടെ വരുമാന പരിധി 2.5 ലക്ഷമായി ഉയർത്തുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.
സംസ്ഥാനസർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചേർത്തല, അരൂർ നിയോജകമണ്ഡലം പട്ടയമേള പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കാലത്ത് പട്ടയവിതരണത്തിന് ഒരു പ്രധാനതടസ്സമായിരുന്നത് വരുമാന പരിധിയാണ്. ഒരു ലക്ഷം രൂപ വരെ വരുമാനമാണ് പട്ടയവിതരണത്തിന് ആധികാരിക മാനദണ്ഡങ്ങളിലൊന്നായി നിശ്ചയിച്ചിരുന്നത്.
ഈ പട്ടയ അർഹതയുടെ വരുമാന പരിധി കാലാനുസൃതമായി രണ്ടര ലക്ഷമാക്കി ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭൂരഹിതരായി ഒരാളുമില്ലാത്ത കേരളം കെട്ടിപ്പടുക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 4,09000 പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്.
കഴിഞ്ഞ നാല് വർഷം കൊണ്ട് മാത്രം 2,23000 ത്തിലധികം പട്ടയങ്ങൾ ഈ സർക്കാർ വിതരണം ചെയ്തു. ഇതൊരു സർവകാല റെക്കോഡാണ്. എല്ലാവർക്കും ഭൂമി നൽകാനുള്ള പ്രവർത്തനങ്ങളിലെ ശ്രദ്ദേയമായ ഏടാണ് പട്ടയമിഷൻ.
സംസ്ഥാനത്ത് രണ്ട് തവണ പട്ടയ അസംബ്ലികൾ കൂടി. ഈ അസംബ്ലി കളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ അതത് ജില്ലകളിലും പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി സംസ്ഥാനതലത്തിലും പരിഹരിക്കുകയും കൈവശക്കാരെ അതിവേഗം പട്ടയഉടമകളാക്കാനുമാണ് സർക്കാർ ശ്രമിച്ചത്.
50 വർഷത്തിലധികമായി തുടരുന്ന പ്രശ്നങ്ങൾ വരെ പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി പരിഹരിക്കാനായി. നാല് തലങ്ങളിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇത്തരത്തിൽ ഏറ്റവും വേഗത്തിൽ പട്ടയം വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചത്.
നിയമങ്ങളിലും ചട്ടങ്ങളിലും വരെ ഭേദഗതി വരുത്തി നടപടിക്രമങ്ങളുമായി മുന്നോട്ടു പോയി. കൈവശക്കാരെയും കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും ഒരുപോലെയല്ല സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കയ്യേറ്റക്കാരുടെ ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് വിതരണം ചെയ്യുകയാണ് സർക്കാർ നയം.
312 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ അന്തിമ ഘട്ടത്തിലെത്തിയതായും മന്ത്രി പറഞ്ഞു. ഡിജിറ്റൽ റീസർവെ എല്ലാ വില്ലേജുകളിലും പൂർത്തീകരിക്കുന്ന മുറക്ക് ഭൂമിയുടെ 14 ഓളം വിശദാംശങ്ങൾ അറിയാൻ കഴിയുന്ന ചിപ് ഘടിപ്പിച്ച ഡിജിറ്റൽ റവന്യു കാർഡിലേക്ക് ഈ സാമ്പത്തിക വർഷം തന്നെ കേരളം മാറും. 2025 നവംബറോടെ ഈ പ്രവർത്തനത്തിലേക്ക് കടക്കും.
സംസ്ഥാനത്തെ മുഴുവൻ മനുഷ്യരുടെയും നാമധേയത്തിലുള്ള ഡിജിറ്റൽ ലോക്കർ സംവിധാനത്തിലേക്കും സംസ്ഥാനം ഉടനെ മാറും. കേരളത്തിൽ പുതിയ റവന്യു സംസ്കാരം കൊണ്ടുവന്നതായും വില്ലേജ് മുതൽ സെക്രട്ടേറിയറ്റ് വരെ ഇ സംവിധാനത്തിലേക്ക് മാറിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us