/sathyam/media/media_files/9NjACYcXkS7DBGSpsytp.jpg)
ആലപ്പുഴ: ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ ആരംഭിച്ച ലിവിംഗ് വിൽ ഇൻഫർമേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം പദ്മശ്രീ പുരസ്കാര ജേതാവും പ്രമുഖ സാന്ത്വന പരിചരണ വിദഗ്ധനുമായ ഡോ. എം ആർ രാജഗോപാൽ നിർവഹിച്ചു.
ലിവിംഗ് വില്ലിൻ്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും രോഗിയുടെ കുടുംബത്തിൻ്റെ സമ്മതമില്ലാതെ ലിവിംഗ് വിൽ നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹത്തോടെയുള്ള സ്പർശവും ബന്ധുക്കളുടെ സാന്നിധ്യവും രോഗികളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനസ്തേഷ്യ വിഭാഗത്തിന്റെ കീഴിലെ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിലാണ് ലിവിംഗ് വിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്.
ജീവിതാവസാന സാഹചര്യങ്ങളിലെ ചികിത്സാരീതികളെക്കുറിച്ചുള്ള വ്യക്തിയുടെ നിർദ്ദേശങ്ങളാണ് ലിവിംഗ് വില്ലിൽ രേഖപ്പെടുത്തുന്നത്. ചികിത്സ തീരുമാനങ്ങൾ എടുക്കാനാകാത്ത അവസ്ഥയിൽ ചികിത്സ സംബന്ധിച്ച ആഗ്രഹങ്ങൾ മുൻകൂട്ടി രേഖപ്പെടുത്താൻ ഇത് സഹായിക്കുന്നു.
വെന്റിലേഷൻ, ഡയാലിസിസ് പോലുള്ള ജീവൻ നിലനിർത്തുന്ന ചികിത്സകൾ സ്വീകരിക്കണോ, വേണ്ടയോ, സംസ്കാര ചടങ്ങുകൾ തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ വ്യക്തമായി അറിയിക്കാം.
ലിവിംഗ് വിൽ പൂരിപ്പിക്കുന്നതിനുള്ള ഫോമും നിർദ്ദേശങ്ങളും പാലിയേറ്റീവ് കെയർ യൂണിറ്റിൽ നിന്ന് ലഭിക്കും. 18 വയസ്സ് തികഞ്ഞവർ ലിവിംഗ് വിൽ ഒപ്പുവെക്കാൻ അർഹരാണ്.
ബന്ധുക്കളുമായി ആലോചിച്ചതിനു ശേഷം ഒപ്പുവെച്ച ഈ രേഖകൾ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒപ്പു വെച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിൽ സൂക്ഷിക്കുന്നതാണ് രീതി.
സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ രോഗികൾക്കായി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഒ പി സേവനവും ലഭ്യമാകും.
10 ബെഡുകൾ ഉൾപ്പെടുത്തി സജ്ജീകരിച്ച വാർഡിൽ മറ്റു വകുപ്പുകളിലെ ഡോക്ടർമാരുടെയും സേവനങ്ങളും ഉറപ്പാക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് സേവനം.