/sathyam/media/media_files/2025/08/18/saji-cheruyan-fish-farm-2025-08-18-23-57-15.jpg)
ആലപ്പുഴ: മാന്നാർ മത്സ്യഭവന്റെ നേതൃത്വത്തിൽ മുളക്കുഴ പഞ്ചായത്തിലെ ചാങ്ങപ്പാടം ചാലിൽ നടത്തിവന്നിരുന്ന എംബാങ്കുമെന്റ് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
ജലാശയങ്ങൾ മത്സ്യ കൃഷിക്കായി ഉപയോഗപ്പെടുത്തി മത്സ്യ ഉൽപാദനം വർദ്ധിപ്പിച്ച് മത്സ്യ കർഷകർക്കും തൊഴിലാളികൾക്കും സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ജനകീയ മത്സ്യകൃഷി.
ജലാശയങ്ങളിൽ വല വളപ്പുകൾ നിർമ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയിൽ താൽക്കാലിക ചിറകൾ കെട്ടിയും തദ്ദേശീയ മത്സ്യ വിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലന മുറകളിലൂടെ വളർത്തിയെടുക്കുന്ന രീതിയിലാണ് എംബാങ്ക്മെന്റ് മത്സ്യകൃഷി.
2024 - 25 വർഷം 3.24 കോടി രൂപ എംബാങ്ക്മെന്റ് മത്സ്യകൃഷിക്ക് വകയിരുത്തിയിട്ടുണ്ട്. ഇതിലൂടെ 40 ഹെക്ടർ ജലാശയത്തിൽ മത്സ്യകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുഴ പഞ്ചായത്തിലെ ചാങ്ങപ്പാടം ചാലിൽ ഒരു ഹെക്‌ടർ വിസ്തൃതിയിൽ എ കെ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ജലനിധി മത്സ്യകർഷക ഗ്രൂപ്പിന്റെ എംബാങ്ക്മെന്റ് മത്സ്യകൃഷിയിൽ 10 വല വളപ്പുകൾ സ്ഥാപിച്ച് 9000 വരാൽ കുഞ്ഞുങ്ങളെയും 1000 കരിമീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിരുന്നു.
ശാസ്ത്രീയമായ പരിപാലനത്തിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുകയും ആറുമാസം കൊണ്ട് 750 ഗ്രാം മുതൽ ഒരു കിലോ വരെ വലുപ്പത്തിൽ മത്സ്യങ്ങൾ വിളവെടുപ്പിന് പാകമായി.
വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ മുളക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ സദാനന്ദൻ അധ്യക്ഷനായി.
കെഎസ്എംഎംസി ചെയർമാൻ എം എച്ച് റഷീദ് ആദ്യ വില്പന പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ കെ സദാനന്ദനും ടി സി സുനിമോൾക്കും നൽകി നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മഞ്ജുള ദേവി, മാന്നാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ, ഫിഷറീസ് ഓഫീസർ എം ദീപു, അക്വാകൾച്ചർ കോ ഓർഡിനേറ്റർ എസ് സുഗന്ധി, ഫിഷറീസ് ഉദ്യോഗസ്ഥരായ ജോജി വർഗീസ്, അന്നമ്മ സജി, മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.