/sathyam/media/media_files/2025/03/09/YSOK0RzhLqZc0a31oiXj.jpg)
ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും, ഉൽപാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്ന ടൂറിസ്റ്റ് ബസ്സുകളിലും വാഹനങ്ങളിലും പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി കർശന പരിശോധന നടത്താൻ തീരുമാനം.
ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും പരിശോധന നടത്തും. ലഹരി കൈമാറ്റം കൂടുതലായുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തിൽ നടന്ന ചർച്ചയിലൂടെ ലഭിച്ചു.
ഇവിടെ പ്രത്യേക നിരീക്ഷണം നടത്തും. സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
എല്ലാ മൂന്ന് മാസം കൂടുമ്പോഴും ജില്ലാതല ജനകീയ കമ്മിറ്റി ചേരുന്നതിനും റെയിൽവേ പൊലീസിനെയും ഇതിൽ പങ്കെടുപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്പെഷ്യൽ ഡ്രൈവുകൾ വഴി കൃത്യമായ ഇടപെടലുകളാണ് ജില്ലയിൽ നടത്തിയിട്ടുള്ളത്.
2024 ഡിസംബർ 12ന് ശേഷം ആലപ്പുഴ എക്സൈസ് ഡിവിഷനിൽ 870 അബ്കാരി കേസുകളും 4637 കോട്പ കേസുകളും എടുക്കുകയും 727 അബ്കാരി കേസുകളിൽ പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
326.932 ലിറ്റർ ചാരായം, 2051.050 ലിറ്റർ വിദേശമദ്യം, 5500 ലിറ്റർ വാഷ്, 95.5 ലിറ്റർ അന്യസംസ്ഥാന മദ്യം എന്നിവ കണ്ടെടുത്തു. 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും 9,27,400 രൂപ കോട്പ ഇനത്തിൽ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
811 എൻഡിപിഎസ് കേസുകൾ കണ്ടെടുക്കുകയും 811 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിവിധ കേസുകളിലായി 79.650 കിലോ കഞ്ചാവ്, 3.033 കിലോ ഹൈബ്രിഡ് കഞ്ചാവ്, 97.127 ഗ്രാം ടെട്ര ഹൈട്രൈറ്റ് കന്നബിലോൾ, 20 കഞ്ചാവ് ചെടി, 46 കഞ്ചാവ് ബീഡി, 11.392 ഗ്രാം എം ഡി എം എ, 1.633 ഗ്രാം ഹാഷിഷ് ഓയിൽ, 5.195 ഗ്രാം ബ്രൗൺഷുഗർ, 32.255 ഗ്രാം മെത്തഫിറ്റമിൻ, 20.265 ഗ്രാം നൈട്രോസെപാം, 2.310 ഗ്രാം ട്രമഡോൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആശാ സി എബ്രഹാം, ആലപ്പുഴ എക്സൈസ് കമ്മീഷണർ അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ പി ഷാജഹാൻ, ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതിനിധി എം കെ ശ്രീകുമാർ, മറ്റ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.