സർക്കാർ ഇപ്പോൾ നിർമ്മിക്കുന്നത് നിലവാരമുള്ള റോഡുകൾ: മന്ത്രി സജി ചെറിയാൻ

മാന്നാർ പഞ്ചായത്തിലെ കളിക്കനത്തൂർ - പുത്തൻകുളങ്ങര റോഡ് ഉദ്ഘാടനം ചെയ്തു

New Update
SAJI CHERIYAN

ആലപ്പുഴ: നിലവാരമുള്ള റോഡുകളാണ് സർക്കാർ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഇപ്പോൾ നിർമിക്കുന്നതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 

Advertisment

മാന്നാർ പഞ്ചായത്തിലെ കളിക്കനത്തൂർ - പുത്തൻകുളങ്ങര റോഡിന്റെ ഉദ്ഘാടനം കുന്നത്തൂർ ക്ഷേത്ര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 


കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് റോഡുകളാണ് പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്. ഇത് പൂർത്തീകരിക്കാൻ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും വിജയകരമായി പൂർത്തീകരിക്കാനായി. 


മാന്നാർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ റോഡുകളാണ് പദ്ധതിയിലൂടെ നിർമ്മിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

മാന്നാർ പഞ്ചായത്തിലെ 10, 11, 12, 13,15 വാർഡുകളിലൂടെയാണ് കളിക്കനത്തൂർ - പുത്തൻകുളങ്ങര റോഡ് കടന്നുപോകുന്നത്. 5.12 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. 


മാവേലിക്കര ബ്ലോക്കിലെ ചെറുകോൽ വടക്ക്, കാരാഴ്‌മ, അരീക്കരപ്പടി എന്നീ സ്ഥലങ്ങളെ ജില്ലാതല റോഡായ കായംകുളം തിരുവല്ല റോഡുമായി ബന്ധിപ്പിക്കുന്നു.


കേന്ദ്രസർക്കാരിന്റെ 60 ശതമാനം ഫണ്ടും കേരള സർക്കാരിന്റെ 40 ശതമാനം ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. അഞ്ച് വർഷത്തെ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ മൂന്ന്കോടി രൂപയാണ് ചെലവ്. 

ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷനായി. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് റ്റി വി രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ്, മാന്നാർ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, വി ആർ ശിവപ്രസാദ്, പഞ്ചായത്തംഗങ്ങളായ സലീം പടിപ്പുരയ്ക്കൽ, സുജിത്ത്‌ ശ്രീരംഗം, സജു തോമസ്, അനീഷ് മണ്ണാരേത്ത്‌, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത്ത്‌ പഴവൂർ, വി കെ ഉണ്ണികൃഷ്ണൻ, എസ് ശാന്തിനി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment