ശുചിത്വ ജലോത്സവം വിളംബരം ചെയ്ത് ജലഘോഷയാത്ര

ഹരിതചട്ടം പാലിക്കുന്നതിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നാല്‍പ്പാലത്തിനു സമീപത്തു നിന്നും കയാക്കിങ് വള്ളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ജലഘോഷയാത്ര ശവക്കോട്ടപാലത്തിനു സമീപം സമാപിച്ചു.

New Update
photos(6)

ആലപ്പുഴ: 71-ാമത് നെഹ്രുട്രോഫി വള്ളംകളി ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്‍റെ പ്രചാരണാര്‍ത്ഥം ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച ജലഘോഷയാത്ര  നഗരസഭാധ്യക്ഷ കെകെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു.

Advertisment

ഹരിതചട്ടം പാലിക്കുന്നതിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നാല്‍പ്പാലത്തിനു സമീപത്തു നിന്നും കയാക്കിങ് വള്ളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ജലഘോഷയാത്ര ശവക്കോട്ടപാലത്തിനു സമീപം സമാപിച്ചു.


വേമ്പനാട് കായലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന സന്ദേശം ഉള്‍ക്കൊണ്ട് കായലിനെ ശുചിയായി കാത്തു സൂക്ഷിക്കും എന്ന പ്രതിജ്ഞയോടെയാണ് ജലഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചത്. 


ജില്ലാ ഭരണകൂടം, നഗരസഭ, ഡിറ്റിപിസി, മുസിരിസ് പൈതൃക പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗന്ദര്യവല്‍ക്കരിച്ച കനാലിലൂടെ ആദ്യമായാണ് കയാക്കിങ് വള്ളങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചത്.

വള്ളംകളി നടക്കുന്ന പ്രദേശവും സമീപ പ്രദേശങ്ങളും ഗ്രീന്‍ സോണായി പ്രഖ്യാപിച്ച്  പവലിയനിലും ഗ്യാലറിയിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രകൃതി സൗഹൃദ ഉല്പന്നങ്ങളാലാണെന്ന് ഉറപ്പു വരുത്തും.


പരസ്യ നോട്ടീസുകള്‍ ഗ്രീന്‍ സോണില്‍ പൂര്‍ണ്ണമായും ഒഴിവാക്കും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൂര്‍ണ്ണമായും ജലോത്സവം ഹരിതാഭമാക്കും. 


കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രൊജക്ടിൻ്റെ സഹകരണത്തോടെ നഗരസഭ സംഘടിപ്പിച്ച ജലോത്സവ വിളംബര ഘോഷയാത്രയില്‍ വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍ അധ്യക്ഷനായി.  

ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ എസ് കവിത, ആര്‍ വിനിത, കൗണ്‍സിലര്‍മാരായ ബി നസീര്‍, കെഎസ് ജയന്‍, രാഖി രജികുമാര്‍,സിമിഷാഫിഖാന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി ഷിന്‍സ്, കെഎസ്ഡബ്ലിയുഎംപി ജില്ലാ പ്രോഗ്രാം മാനേജര്‍ സുചിത്ര എസ് പണിക്കര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെഎസ് രാജേഷ്, ഹെല്‍ത്ത് ഓഫീസര്‍ കെപി വര്‍ഗ്ഗീസ്, നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ സംബന്ധിച്ചു.

Advertisment