/sathyam/media/media_files/2025/09/01/pookkalam-2025-09-01-01-14-21.jpg)
ആലപ്പുഴ: ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1 മുതൽ 7 വരെ സംസ്ഥാനതലത്തിൽ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മാലിന്യമുക്ത കേരളം എന്ന പ്രമേയത്തിലാണ് മത്സരം നടക്കുന്നത്.
ശാസ്ത്രീയ മാലിന്യ സംസ്കരണം, വേർതിരിക്കൽ, പുനഃചംക്രമണം, ഹരിതകർമ്മസേനയുടെ പ്രവർത്തനം തുടങ്ങിയ മാലിന്യ സംസ്കാരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ പൂക്കളത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ജില്ലാതല വിജയികൾക്ക് ഓരോരുത്തർക്കും 10,000 രൂപയും സംസ്ഥാനതല വിജയിക്ക് 25,000 രൂപയും സമ്മാനമായി നൽകും.
പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച് പൂക്കളങ്ങൾ ഒരുക്കണം. പ്ലാസ്റ്റിക്, രാസവസ്തുക്കൾ, കൃത്രിമ അലങ്കാരങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
പങ്കെടുക്കുന്നവർ ശുചിത്വ മിഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണം. പൂക്കളത്തിന്റെ ചിത്രം dsmalappuzha@gmail.com എന്ന വിലാസത്തിൽ ഡോക്യുമെന്റായി അയക്കണം.
കൂടാതെ പൂക്കളത്തിന്റെ ചിത്രം വ്യക്തിഗത സോഷ്യൽ മീഡിയ പേജിൽ അപ്‌ലോഡ് ചെയ്ത് ആലപ്പുഴ ജില്ലാ ശുചിത്വ മിഷൻ പേജ് ടാഗ് ചെയ്യണം. #suchitwapookkalam, #Harithaonam, #Suchitwamission എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ചായിരിക്കും എൻട്രികൾ സ്വീകരിക്കുക.
ജില്ലാതലത്തിൽ വിദഗ്ധ സമിതി തിരഞ്ഞെടുത്ത എൻട്രികൾ സംസ്ഥാന ശുചിത്വ മിഷനിലേക്ക് അയക്കും. സംസ്ഥാനതല വിജയിയെ പിന്നീട് പ്രഖ്യാപിക്കും.