/sathyam/media/media_files/2025/09/03/photos126-2025-09-03-01-50-53.jpg)
ആലപ്പുഴ: ഓണം വിപണിയില്‍ അവശ്യസാധനങ്ങളുടെ കമ്പോള വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനും, വിലനിലവാരം ഏകീകരിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത സ്‌ക്വാഡ് ജില്ലയിൽ ശക്തമായ പരിശോധന തുടരുന്നു.
ഇതുവരെ നടത്തിയിട്ടുള്ള 122 പരിശോധനയില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രണം ചെയ്യാത്തതും, പായ്ക്കറ്റ് ഡിക്‌ളറേഷന്‍ ഇല്ലാത്തതുമായ 10 സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് നോട്ടീസ് നല്‍കി.
വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത 26 സ്ഥാപനങ്ങള്‍ക്ക് പരിശോധന വേളയില്‍ തന്നെ ആയത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അമിതവില ഈടാക്കാതിരിക്കുന്നതിനും, പൊതുജനങ്ങള്‍ കാണത്തക്കവിധത്തില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും, വില ഏകീകരിക്കുന്നതിനും വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ഈ നിർദ്ദേശം അവഗണിക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സ്ക്വാഡ് താക്കീത് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലാ-താലൂക്ക് തല സംയുക്ത സ്‌ക്വാഡ് പരിശോധന കര്‍ശനമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല പരിശോധന സംഘത്തില്‍ ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മായാദേവി, ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരും, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.