/sathyam/media/media_files/2025/08/07/tippar-police-2025-08-07-15-44-17.jpg)
കോട്ടയം: ഏപ്രില്‍ അവസാന വാരം തുടങ്ങി ഇപ്പോഴും തുടരുന്ന ശക്തമായ മഴയില്‍ കുന്നുകൾ അപകടാവസ്ഥയില്‍. ഖനന നിയന്ത്രണം ഉണ്ടായിട്ടും യഥേഷ്ടം ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതു മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തുന്നു.
പലയിടങ്ങളിലും മുന്‍പു മണ്ണെടുത്ത പ്രദേശങ്ങള്‍ അതീവ അപകടാവസ്ഥയിലാണ്. ഇത്തരം മണ്ണെടുക്കുന്ന കുന്നുകള്‍ ഉള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ അപകട ഭീഷണയിലാണ്. പല വീടുകളോടും ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പോലും നിയന്ത്രണമില്ലാതെ മണ്ണെടുക്കുകയും വീടുകള്‍ അപകടാവസ്ഥയിലായിട്ടുണ്ട്.
മാഞ്ഞൂരില്‍ ഖനന നിരോധനം നിലനില്‍ക്കെ മണ്ണെടുത്ത ജെ.സി.ബി.യും ടിപ്പറും പോലീസ് പിടിച്ചെടുത്തിരുന്നു. കലക്ടറുടെ നിര്‍ദേശാനുസരണം റവന്യു വകുപ്പും പോലീസും ചേര്‍ന്നു നാലു ടിപ്പര്‍ ലോറികളും രണ്ടു മണ്ണുമാന്തി യന്ത്രങ്ങളുമാണു പിടിച്ചെടുത്തത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ കൊണ്ടു കാലായിലെ മണ്ണെടുപ്പ് കേന്ദ്രത്തില്‍ നിന്നാണു മണ്ണുമാന്തികളും ടിപ്പറുകളും പിടിച്ചെടുത്തത്.
അമിത ലോഡ് കയറ്റിയ ടിപ്പര്‍ ലോറികള്‍ പാഞ്ഞു പോകുന്നതിനാല്‍ ഗ്രാമീണ റോഡുകള്‍ കുണ്ടും കുഴിയുമായി. ആളുകള്‍ക്കു കാല്‍ നട യാത്ര പോലും കഴിയാതെ വന്നതോടെയാണു നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നു കലക്ടറുടെ നിർദേശപ്രകാരം റവന്യു ഉദ്യോഗസ്ഥരും പോലീസും എത്തിയാണു വാഹനങ്ങളും, ജെ.സി.ബി.യും പിടികൂടിയത്.
മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോലീസ് വരുന്നത് നിരീക്ഷിക്കാന്‍ മാഫികളുടെ ആളുകള്‍ പലയിടത്തും കാവല്‍ നില്‍ക്കാറുമുണ്ട്. പോലീസ് എത്തുന്ന വിവരം അറിഞ്ഞാല്‍ വാഹനങ്ങള്‍ സ്ഥലത്തു നിന്നു മാറ്റുന്നത് പതിവു സംഭവങ്ങളുമാണ്. ഇതറിയാവുന്ന പോലീസ് മാഫ്തിയിലാണ് എത്തിയത്. മറ്റു കേന്ദ്രങ്ങളില്‍ നടക്കുന്ന മണ്ണ് എടുപ്പും ചെങ്കല്ല് ഖനനത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങളും ലഭിച്ചിട്ടുണ്ട്.