/sathyam/media/media_files/2025/08/18/thiruvanchur-panthal-2025-08-18-17-16-25.jpg)
കോട്ടയം: ആശമാർ കോട്ടയം കലക്ടറേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നതിനിടെ പന്തല്‍ പൊളിക്കാന്‍ ശ്രമം. പോലീസിന്റെ നിര്‍ദേശപ്രകാരമാണു തൊഴിലാളികൾ പന്തല്‍ പൊളിക്കാന്‍ ശ്രമിച്ചത്. ഇതോടെ പ്രസംഗം നിര്‍ത്തി തിരുവഞ്ചൂര്‍ ക്ഷുഭിതനാവുകയായിരുന്നു.
എന്തു തോന്ന്യവാസമാണു കാണിക്കുന്നത്, ഞാന്‍ പ്രസംഗിച്ചോണ്ടിരിക്കുമ്പോള്‍ പന്തല്‍ പൊളിക്കണമെന്നു പറയാന്‍ അധികാരം ആര്‍ക്കാണ്. വേണ്ടി വന്നാല്‍ സമരം കലക്ടറേറ്റിനുള്ളിൽ നടത്തും.
പാവങ്ങളായ സ്ത്രീകളായതുകൊണ്ടാണോ ഇങ്ങനെ. ഈ സാധനങ്ങള്‍ എല്ലാം എടുത്തുകൊണ്ടുപോ ( പന്തൽ പൊളിക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങൾ). അനീതി കാണിക്കുന്നതിന് അതിരുവേണ്ടേ. ഇത് പൊളിക്കണമെന്ന് ഉത്തരവിട്ടതാരാണ്. ഇവിടെ സമരം ഒന്നും നടക്കുന്നില്ലേ. ഇതിനു മുന്‍പും സമരം ഒന്നും നടന്നിട്ടില്ലേ?.
365 ദിവസം നടക്കുന്ന ഇവിടെ ആശമാര്‍ സമരം നടത്താന്‍ പാടില്ലെന്നു പറയാന്‍ ഇതു വെള്ളരിക്കാപ്പട്ടണമാണോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു. അനീതിയോടു കൂടി സര്‍ക്കാര്‍ പെരുമാറിയതിനെ തുടര്‍ന്നാണ് അനീതിക്കു വിരുദ്ധമായി ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഒരു കാര്യം പറഞ്ഞേക്കാം, ഈ വിരട്ടുകൊണ്ടൊന്നും കാര്യം നടക്കാന്‍ പോകുന്നില്ല. വിരട്ടുന്നവരെ തിരിച്ചു വിരട്ടാന്‍ കഴിവുള്ളവരാണു കോട്ടയംകാരെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ആശ സമരത്തിന്റെ അഞ്ചാം ഘട്ടമായ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ സദസുകളുടെ ഭാഗമായാണ് കോട്ടയം കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.