ഇടുക്കി ചൊക്രമുടിയിൽ വീണ്ടും ഭൂമി കയ്യേറ്റത്തിന് ശ്രമം, ഒരേക്കറോളം ഭൂമി കയ്യേറാനുള്ള നീക്കം തടഞ്ഞത് സംരക്ഷണ സമിതി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
encroach land in Chokramudi

ഇന്നലെ രാവിലെ ചൊക്രമുടിയിലെത്തിയ വർ യന്ത്ര സഹായത്തോടെ പുല്ല് വെട്ടിത്തെളിച്ച ഭാഗം.

രാജകുമാരി: ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടന്നതായി പ്രത്യേക അന്വേഷണസംഘവും റവന്യു വകുപ്പും സ്ഥിരീകരിച്ച സ്ഥലത്ത് വീണ്ടും കയ്യേറ്റ ശ്രമം.

Advertisment

 ഇന്നലെ രാവിലെ 9ന് പത്തിലധികം പേരടങ്ങുന്ന സംഘം ചൊക്രമുടിയിലേക്ക് പ്രവേശിക്കുന്ന റോഡിനു കുറുകെയുണ്ടായിരുന്ന ഗേറ്റിൽ നാട്ടുകാർ സ്ഥാപിച്ചിരുന്ന പൂട്ട് പൊളിച്ച് അകത്ത് കയറി വിവാദ ഭൂമിയിലെ ഒരേക്കറോളം സ്ഥലത്തെ പുല്ലും നീലക്കുറിഞ്ഞി ചെടികളും യന്ത്ര സഹായത്തോടെ വെട്ടി നശിപ്പിച്ചു.


സംഭവം അറിഞ്ഞ് ചൊക്രമുടി സംരക്ഷണ സമിതി പ്രവർത്തകരും രാജാക്കാട് പൊലീസും സ്ഥലത്തെത്തി. ഉടൻതന്നെ കാടു വെട്ടുന്ന യന്ത്രങ്ങളുമായി ഏഴോളം പേർ ഇവിടെ നിന്ന് വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഇവിടെ ഭൂമി വാങ്ങിയ അടിമാലി സ്വദേശിയുടെയും മറ്റ് സ്ഥലമുടമകളുടെയും തൊഴിലാളികളാണ് തങ്ങളെന്ന്  ബാക്കിയുണ്ടായിരുന്ന സംഘത്തിലെ ചിലർ ചൊക്രമുടി സംരക്ഷണസമിതി ഭാരവാഹികളോട് പറഞ്ഞു.


ചൊക്രമുടി സംരക്ഷണ സമിതി ചെയർമാനും ബൈസൺവാലി പഞ്ചായത്ത് അംഗവുമായ സന്തോഷ് ഭാസ്കരന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഈ വിവരം സബ് കലക്ടറെ അറിയിച്ചിരുന്നു.   എങ്കിലും റവന്യു സംഘം ഈ സമയത്തൊന്നും ഇവിടെ എത്തിയില്ലെന്ന് ഇവർ പറയുന്നു.

 ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം സ്ഥിരീകരിക്കുകയും ഇവിടെ ഭൂമി വാങ്ങിയവരുടെയും പട്ടയ ഉടമകളുടെയും വിചാരണ പൂർത്തിയാവുകയും ചെയ്തിട്ടും തുടർനടപടികൾ സ്വീകരിക്കാൻ വൈകുന്നു എന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും കയ്യേറ്റ ശ്രമം നടന്നത്. സംഭവത്തിൽ ദേവികുളം തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണൻ പറഞ്ഞു.

Advertisment