അന്നനാളത്തിൽ കുടുങ്ങിയ കൃത്രിമ പല്ലുകൾ തോറാസ്കോപ്പിക്ക് വഴി വിജയകരമായി നീക്കം ചെയ്തു

New Update
teeth stuck in esophagus

തിരുവനന്തപുരം: ശാസ്തമംഗലം ശ്രീ രാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിലെ ശസ്ത്രക്രിയ സംഘം അപൂർവവും സാങ്കേതികമായി അത്യന്തം പ്രയാസകരമായ തോറാസ്കോപ്പിക്ക്  ശസ്ത്രക്രിയ വഴി അന്നനാളത്തിൽ കുടുങ്ങിയ കൃത്രിമ പല്ലുകൾ വിജയകരമായി പുറത്തെടുത്തു. 


Advertisment

78 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനി അബദ്ധത്തിൽ വിഴുങ്ങിയ കൃത്രിമ പല്ലുകൾ അന്നനാളത്തിൽ അപകടകരമായി കുടുങ്ങുകയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് അവർക്ക് ഗുരുതരമായ നെഞ്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. പ്രാഥമിക ചികിത്സക്കായി നിരവധി ആശുപത്രികൾ സന്ദർശിക്കുകയും കൃത്രിമ പല്ലിന്റെ വലിപ്പവും സ്ഥാനവും കാരണം സാധാരണ എൻഡോസ്കോപ്പിക് മാർഗ്ഗങ്ങൾ പരാജയപ്പെട്ടു. 


അപകടം നടന്ന് ആറു മണിക്കൂറിനുള്ളിൽ രോഗിയെ ശ്രീ രാമകൃഷ്ണ മിഷൻ  ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 8 ഗുണം 6 സെന്റിമീറ്റർ വലുപ്പമുള്ള ലോഹ ഹുക്ക് ഘടിപ്പിച്ച വെയ്പ്പ് പല്ലുകൾ അന്നനാളത്തിൽ മധ്യഭാഗത്ത് ഭിത്തിയിൽ ആഴത്തിൽ കുടുങ്ങിയിരിക്കുകയാണെന്നാണ് കണ്ടെത്തിയത്. 


കൃത്രിമ പല്ലിന്റെ സ്ഥാനം രോഗിയും പ്രായം രോഗിയുടെ മറ്റ് ശാരീരിക അവസ്ഥകളും ചികിത്സ സംഘത്തിന് വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും അത്യന്തം സാങ്കേതികവും വൈദഗ്ധ്യം ആവശ്യമുള്ളതുമായ മിനിമലി ഇൻവേസീവ് (കീ ഹോൾ) തോറാസ്കോപിക് ശസ്ത്രക്രിയക്ക് രോഗിയെ സീനിയർ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം സീനിയർ സർജൻ ഡോ. അനൂഷ് മോഹന്റെ നേതൃത്വത്തിൽ വിധേയമാക്കുകയും വളരെ വിജയകരമായി കുടുങ്ങിയ പല്ലുകൾ അന്നനാളത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പ്രയാസകരമായ ഇത്തരം ശസ്ത്രക്രിയകൾ വളരെ അപൂർവമായി മാത്രമേ ചെയ്യാറുള്ളൂവെന്ന് ഡോക്ടർ അനൂഷ് മോഹൻ പറഞ്ഞു. 


ശസ്ത്രക്രിയക്ക് ശേഷം രോഗി ആഹാരം കഴിക്കുകയും പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യും. വെയ്പ്പ് പല്ലുകൾ ധരിക്കുന്നയാളുകൾ പ്രത്യേകിച്ച് വയോജനങ്ങൾ അശ്രദ്ധമായി ഇത്തരം അപകടങ്ങളിൽപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർ പറഞ്ഞു. 

Advertisment