ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യിൽ സ്‌കിൽസ്പിറേഷൻ യുവജന നൈപുണ്യ സംഗമം ഈ മാസം 15 ന് നടക്കും

New Update
Skillspiration Banner

കോഴിക്കോട്: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യിൽ സ്‌കിൽസ്പിറേഷൻ യുവജന നൈപുണ്യ സംഗമം ഈ മാസം 15 ന് നടക്കും. രാവിലെ 10 ന് ഐടിഐ ക്യാമ്പസിൽ നടക്കുന്ന സംഗമം കേരള യുവജനകാര്യ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

Advertisment

മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. അഡ്വ. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയാവും. ചടങ്ങിൽ ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ കൈമാറും. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി പ്ലേസ്മെന്റ് ലഭിച്ചത്. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴിൽ ദാതാക്കളെയും ആദരിക്കും.

യുവാക്കൾക്കിടയിൽ സംരംഭകത്വവും ശുഭ ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി നടക്കുന്ന യൂത്ത് സമ്മിറ്റ്  രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. ഐടിഐ പൂർവ വിദ്യാർഥികളായ 27 യുവസംരംഭകരെ ചടങ്ങിൽ ആദരിക്കും.

യുവാക്കൾക്കിടയിൽ നൈപുണി പരിശീലനവും തൊഴിൽ സംസ്കാരവും സംരംഭകത്വവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തിൽ 1992 ൽ സ്ഥാപിതമായ മർകസ് ഐടിഐയിൽ നിന്നും ഇതിനകം 11,000 പേരാണ് പഠനം പൂർത്തീകരിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത കോഴ്‌സുകളോടൊപ്പം മികച്ച പഠനാന്തരീക്ഷവും അടിസ്ഥാന സൗകര്യവും ഉറപ്പുനൽകുന്ന ഐടിഐക്ക് പ്രമുഖ ബ്രാൻഡുകളുമായും കമ്പനികളുമായും പ്ലേസ്മെന്റ് കരാറുകളുണ്ട്. ഇതിലൂടെ പഠനശേഷം തൊഴിൽ ഉറപ്പുനൽകാൻ സാധിക്കുന്നു. യുവജനങ്ങളുടെ തൊഴിൽ-സംരംഭകത്വ രംഗത്ത് മർകസ് നിർവഹിക്കുന്ന ദൗത്യങ്ങളുടെ ആഘോഷം കൂടിയാണ് സ്‌കിൽസ്പിറേഷൻ യുവജന നൈപുണ്യ സംഗമം.

എൽബിഎസ് ഡയറക്ടർ ഡോ. എം അബ്ദു റഹ്‌മാൻ, സിപിഎം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ്, ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ആർജെഡി ജനറൽ സെക്രട്ടറി സലീം മടവൂർ, എസ് വൈ എസ് സെക്രട്ടറി കലാം മാവൂർ, വ്യാപാര-തൊഴിൽ-സംരംഭകത്വ രംഗത്തെ പ്രമുഖർ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Advertisment