/sathyam/media/media_files/2025/11/19/img45-2025-11-19-01-33-18.png)
കൊല്ലം: രണ്ടു ദേശീയപാതകളെ ബന്ധിപ്പിച്ച് മാറ്റം വരുത്തിയ ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ടം യാഥാർഥ്യമാകുന്നു. നിർമാണത്തിന് 74 കോടി രൂപ കഴിഞ്ഞ ദിവസം ചേർന്ന കിഫ്‌ബി ബോർഡ് യോഗം അനുവദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി ഡിസംബർ 18ന് കഴിയുന്നതോടെ സാമ്പത്തികാനുമതി നൽകിയതിന്റെ ഓർഡർ കിഫ്‌ബി പുറത്തിറക്കും.
തുടർന്ന് കെആർഎഫ്‌ബി (കേരള റോഡ് ഫണ്ട് ബോർഡ്) പാത നിർമാണത്തിന് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടി സ്വീകരിക്കും.
എം മുകേഷ് എംഎൽഎ ആണ് പുതിയ നിർദേശം മുന്നോട്ടുവച്ചത്. പുതിയ പാതയുടെ രൂപരേഖ നേരത്തെ പിഡബ്ല്യൂഡി ബ്രിഡ്‌ജസ് വിഭാഗം കിഫ്‌ബിക്ക് കൈമാറിയിരുന്നു.
ഓലയിൽക്കടവിൽനിന്ന് തേവള്ളിപ്പാലത്തിന് അടിയിലൂടെ കടന്നുപോയി തോപ്പിൽക്കടവിൽ അവസാനിക്കേണ്ടിയിരുന്ന നാലാംഘട്ടത്തിനാണ് മാറ്റം വരുത്തിയത്. ഇതുപ്രകാരം നാലാംഘട്ടം കൊല്ലം– തേനി പാതയിൽ കടവൂർ പള്ളിക്കുസമീപം എത്തിച്ചേരും.
അവിടെനിന്ന് അഞ്ചാംഘട്ടമായാണ് കുരീപ്പുഴ ഭാഗത്തുകൂടി ദേശീയപാത 66ലേക്കും എത്തിച്ചേരുക. അഷ്ടമുടിക്കായലിലൂടെ 580 മീറ്റർ നീളത്തിൽ പാലം നിർമിച്ചാണ് നാലാംഘട്ടം കടവൂർ പള്ളിക്കുസമീപം എത്തിക്കുക.
ഇതിനായുള്ള സാധ്യതാപഠനവും സർവേയും പൂർത്തിയാക്കിയിരുന്നു. അലൈൻമെന്റിനും അന്തിമരൂപമായി. വിശദ പ്രോജക്ട റിപ്പോർട്ട് കെആർഎഫ്‌ബി ആണ് തയ്യാറാക്കുന്നത്.
കപ്പലണ്ടിമുക്ക് മുതൽ തോപ്പിൽക്കടവ് വരെ നാലുഘട്ടമായിരുന്നു ആശ്രാമം ലിങ്ക് റോഡ് പദ്ധതി. ഓലയിൽക്കടവ് വരെയുള്ള മൂന്നുഘട്ടം നേരത്തെ പൂർത്തിയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us