കണ്ണൂർ : ആയിരക്കണക്കിനാളുകൾ വർഷാവർഷം ദർശനത്തിനെത്തുന്ന കണ്ണൂർ ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ ക്ഷേത്രം. കൊട്ടിയൂരിലെ ഒരു മാസം നീളുന്ന വൈശാഖോത്സവം ജൂൺ ആദ്യ വാരത്തിൽ തുടങ്ങും. അതിനു മുൻപായുള്ള പ്രക്കൂഴം എന്ന ചടങ്ങ് കൊട്ടിയൂരിൽ തിങ്കളാഴ്ച നടന്നു.
വൈശാഖോത്സവത്തിന്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂരിലാണ് നടന്നത്. അവിൽ, നെയ്യ് എന്നിവയുടെ എഴുന്നള്ളത്ത് എത്തിയതോടെ ചടങ്ങുകൾ തുടങ്ങി. ഇരിട്ടിക്കടുത്ത് കാക്കയങ്ങാട് പാലയിലെ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നും അവിലും മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു.
ഇക്കരെ കൊട്ടിയൂരിലെ ക്ഷേത്രനടയിൽ ആയില്യാർകാവിന്റെ കവാടത്തിന് മുന്നിലായി സ്ഥാനികരായ ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നിവർ ചേർന്ന് തണ്ണീർകുടി ചടങ്ങ് നടത്തി.
മന്ദംചേരിയിലെ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തിയാക്കി. തുടർന്ന് അവിൽ അളവും നെല്ലളവും നടന്നു. രാത്രി ആയില്യാർകാവിൽ പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ അപ്പടനിവേദ്യവും പൂജകളും നടക്കും. പ്രക്കൂഴം ചടങ്ങോടെ വൈശാഖോത്സവത്തിലെ പാരമ്പര്യ വ്രത നിഷ്ഠകൾക്ക് തുടക്കമായി. ജൂൺ എട്ടിന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഈ വർഷത്തെ ഉത്സവാരംഭം .