/sathyam/media/media_files/2026/02/07/photo-2-2026-02-07-21-36-20.jpeg)
കോഴിക്കോട്: ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രധാനവരുമാനം ടൂറിസത്തില്‍ നിന്നാകുന്ന രീതിയിലുള്ള സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി ടൂറിസം മാറണം. ടൂറിസം വകുപ്പിന്റെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രമായി ബേപ്പൂര്‍ മാറിയത്. അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നതോടെ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. ആസൂത്രിതമായി ജനകീയ ടൂറിസം സാധ്യമാക്കണം.
കരകൗശല ഉത്പന്നങ്ങള്‍, ഭക്ഷണം, ഉരു പോലുള്ള പരമ്പരാഗത വ്യവസായമേഖല എന്നിവ വലിയ സാധ്യതകളാണുള്ളത്. ബേപ്പൂരില്‍ 112 ആര്‍ ടി യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 130 പേര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. സാമ്പത്തികസഹായം ആവശ്യമാണ്. സര്‍ക്കാര്‍ അതും നല്‍കി. ഇഴകള്‍ പദ്ധതിയ്ക്കുള്ള ഫണ്ട് അനുവദിച്ചു. കയര്‍നിര്‍മാണ ശാലയും ഖാദി നെയ്ത്ത്ശാലയും ചേര്‍ന്ന് ഇഴകള്‍ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കയര്‍ മേഖലയില്‍ 87ഉം ഖാദി മേഖലയില്‍ 10 തൊഴിലാളികള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഏറ്റവും അടിസ്ഥാനവര്‍ഗ ജനവിഭാഗത്തെയാണ് ടൂറിസത്തിലൂടെ സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുന്നത്. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി 300 ലധികം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ മാങ്കുളത്ത് നടത്തിയ ആഗോള ലിംഗനീതി സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ വിശകലനം ചെയ്ത് യുഎന്‍ വിമന്‍ തയ്യാറാക്കിയ ലിംഗനീതി നയരേഖ യുൻ വിമന്‍ ഇന്ത്യാ മേധാവി കാന്താ സിംഗ് മന്ത്രിയ്ക്ക് കൈമാറി. കോഴിക്കോട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവന്‍ കെ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായിരുന്നു. ഐആര്‍സിടി(ഇന്റര്‍നാഷണല്‍ സെന്റര്‍ പോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം) സ്ഥാപകന്‍ ഹാരോള്‍ഡ് ഗുഡ്വിന്റെ വീഡിയോ സന്ദേശം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങളില്‍ വികസനം നടപ്പാക്കിയാല്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ തേടിയെത്തും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബേപ്പൂരിന്റെ വളര്‍ച്ചയെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. നെയ്ത്തുകാര്‍ക്കും കയറുപിരി തൊഴിലാളിയ്ക്കുമുള്‍പ്പെടെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ആര്‍ടി മിഷന്‍ സിഇഒ കെ രൂപേഷ് കുമാര്‍ പറഞ്ഞു.
കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഭക്തവല്‍സലന്‍, നഗരസഭാംഗം ഷെഹര്‍ബാന്‍, ടൂറിസം വകുപ്പ് ജോ. ഡയറക്ടർ ഗിരീഷ് കുമാര്‍, ഡെ. ഡയറക്ടർ പ്രദീപ് ചന്ദ്രന്‍, ആര്‍ടി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകലാ ലക്ഷ്മി, ബിആര്‍ഡിസി എംഡി ഷിജിന്‍ പറമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us