/sathyam/media/media_files/2025/08/24/baik-theft-2025-08-24-18-38-48.jpg)
കോട്ടയം: കോട്ടയം നഗരത്തില്‍ ബൈക്ക് മോഷ്ടാക്കള്‍ വിലസുന്നു. സമീപ ദിവസങ്ങളിലായി നിരവധി പരാതികളാണ് പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്. ഇന്നും കോട്ടയം എം.എല്‍. റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് കെ.എല്‍05 എ.ക്യു 3891 എന്ന നമ്പര്‍ ബൈക്ക് മോഷണം പോയി. ഒരാഴ്ച മുന്‍പു കോട്ടയം മെഡിക്കല്‍ കോളിജില്‍ കൂട്ടിരുപ്പുകാരന്റെ ബൈക്ക് മോഷണം പോയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറിയത്.
വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷ്ടാവ് എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചത് സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ കണ്ടതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടി വന്നു. വിവരം അറിഞ്ഞ് നാട്ടുകാരും ഒപ്പം കൂടി മോഷ്ടാവിനെ പിടികൂടി.
തുടര്‍ന്ന് ഇയാളെ ഈസ്റ്റ് പോലീസിനു കൈമാറുകയായിരുന്നു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസ്, മൂലവട്ടം, ദിവാന്‍കവല, പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ബൈക്കുകള്‍ മോഷണം പോയിരുന്നു.
ഓണ സീസണ്‍ തുടങ്ങിയതോടെ നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബൈക്കുകളും മറ്റും റോഡരികില്‍ പാര്‍ക്കു ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ല. എന്നാല്‍, പോയിട്ട് തിരികെ വരുമ്പോള്‍ ബൈക്ക് കാണില്ലെന്നതാണ് അവസ്ഥ. പോലീസാകട്ടേ ബൈക്ക് മോഷണം കാര്യമായി എടുക്കുന്നുമില്ല.