നെഞ്ചിലെ അസ്ഥി അകത്തേക്ക് വളയുന്നു; മാല്‍ദ്വീപ് സ്വദേശിനിയില്‍ നസ്സ് പ്രൊസീജ്യര്‍ വിജയകരമാക്കി കിംസ്‌ഹെല്‍ത്ത്

New Update
KIMS HEALTH

തിരുവനന്തപുരം: മാല്‍ദ്വീപ് സ്വദേശിനിയായ 21-കാരിയില്‍ നസ്സ് പ്രൊസീജ്യര്‍ വിജയകരമാക്കി തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് യുവതി കിംസ്ഹെല്‍ത്തില്‍ ചികിത്സ തേടുന്നത്. വിദഗ്ധ പരിശോധനയില്‍ പെക്റ്റസ് എക്സ്കവേറ്റം അഥവ സങ്കണ്‍ ചെസ്റ്റ് എന്ന രോഗാവസ്ഥ രോഗിയില്‍ കണ്ടെത്തുകയായിരുന്നു. 

Advertisment

നെഞ്ചിന്റെ ഭിത്തിയില്‍ ജന്മനാ ഉണ്ടാകുന്ന ഒരു വൈകല്യമാണിത്. ഇതുകാരണം ബ്രസ്റ്റ്‌ബോണ്‍ അകത്തേക് വളയുകയും അതുവഴി ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും. ലോകത്ത് ഓരോ 300 കുഞ്ഞുങ്ങളില്‍ ഒരാളിൽ ഈ വൈകല്യം കണ്ടുവരുന്നു.


രോഗിയില്‍ നടത്തിയ സിടി സ്‌കാന്‍ മുഖേനയാണ് ഈ രോഗാവസ്ഥ സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെ രോഗിയിലുണ്ടായിരുന്നില്ല. കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കൺസൽട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ, കൺസൽട്ടൻറ് ഡോ. വിപിൻ ബി നായർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഈ രോഗാവസ്ഥയ്ക്കുള്ള സര്‍ജറിയായ നസ്സ് പ്രൊസിജ്യറുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. 


ഈ പ്രൊസീജ്യറിലൂടെ നെഞ്ചിന്റെ ഭിത്തികളുടെ ഇരുവശത്തും മുറിവുകള്‍ ഉണ്ടാക്കുകയും ക്യാമറയുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ ടൈറ്റാനിയം പ്ലേറ്റുകള്‍ നെഞ്ചിന്റെ ഒരു അറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് ചെസ്റ്റ് കാവിറ്റിയിലൂടെ കടത്തുകയും 180 ഡിഗ്രി തിരിക്കുകയും ചെയ്യുന്നു. അതുവഴി നെഞ്ചിന്റെ അസ്ഥി മുകളിലേക്ക് ഉയരും.


“രോഗി പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും 5 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം ടൈറ്റാനിയം ദണ്ഡുകള്‍ നീക്കം ചെയ്യുന്നതിനായി ഒരു ശസ്ത്രക്രിയ കൂടി രോഗിയ്ക്ക് ആവശ്യമാണ്. ആ സമയമാകുമ്പോഴേക്കും വൈകല്യം മാറി ചെസ്റ്റ് വാള്‍ ശരിയായ രീതിയിലേക്ക് ക്രമീകരിക്കപ്പെടും”, ഡോ. ഷാജി പാലങ്ങാടൻ, ഡോ. വിപിൻ ബി നായർ എന്നിവർ പറഞ്ഞു.

കാര്‍ഡിയോ തൊറാസിക് വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ സൈന സൈനുദ്ദീന്‍, കാര്‍ഡിയോ തൊറാസിക് അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സുഭാഷ് എസ്, ഡോ. അനില്‍ രാധാകൃഷ്ണ പിള്ള എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.

Advertisment