കുമരകം: വള്ളംകളി സീസണ് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാൻ ദിവസങ്ങൾ നീണ്ട പരിശീലന തുഴച്ചിലിന് ശേഷം വള്ളങ്ങളും ടീമുകളും നാളെ ചമ്പക്കുളത്താറ്റിൽ മാറ്റുരയ്ക്കും നെഹ്‌റു ട്രോഫി വള്ളംകളിയുടെ സെമി ഫൈനൽ എന്ന് അറിയപ്പെടുന്ന മൂലം വള്ളംകളിയിലെ വിജയം ഓരോ ബോട്ട് ക്ലബ്ബുകൾക്കും അഭിമാന പ്രശ്നമായി വള്ളംകളി പ്രേമികൾ കണക്കാക്കുന്നു. ഇത് മത്സരത്തിന് വീറും വാശിയും കൂട്ടും.
ചമ്പക്കുളത്ത് മത്സരിക്കാൻ നെഹ്റു ട്രോഫിയിൽ ചുണ്ടൻ വള്ളത്തിൽ ഹാട്രിക് ഉൾപ്പടെയുള്ള വിജയങ്ങൾ നേടിയ കുമരകം ടൗൺ ബോട്ട് ക്ലബ് (കെ.റ്റി. ബി.സി) ഒന്നാം ഗ്രേഡ് വെപ്പ് വള്ളമായ അമ്പലക്കടവനിൽ മത്സരിക്കും. എൻ.സി.ഡി.സി (നടുവിലേപ്പറമ്പിൽ കൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റി) ഒന്നാം ഗ്രേഡ് വെപ്പ് വള്ളമായ നവജ്യോതിയിൽ മത്സരിക്കും.
നെഹ്റു ട്രോഫി മത്സരത്തിൽ പായിപ്പാടൻ ചുണ്ടനിൽ മത്സരിക്കുന്ന കെ.റ്റി. ബി.സി ചമ്പക്കുളത്ത് മത്സരിക്കുവാൻ അമ്പലക്കടവനിൽ പരിശീലന തുഴച്ചിൽ നടത്തി. എൻ.സി.ഡി.സി നവജ്യോതിയിലും ട്രയൽ പൂർത്തിയാക്കി , നെഹ്റു ട്രോഫിയിൽ ഇവർ നടുവിലേപ്പറമ്പൻ ചുണ്ടനിൽ ഇമ്മാനുവേൽ ബോട്ട് ക്ലബ്ബ് എന്ന പേരിൽ മത്സരിക്കും.
വെപ്പു വള്ളങ്ങളുടെ മത്സരം കുമരകത്തെ ക്ലബ്ബുകൾ തമ്മിലാണ്. നാളെ നടക്കുന്ന മത്സരത്തിൽ വെപ്പ് ഒന്നാം ഗ്രേഡിൽ ഒന്നാം ട്രാക്കിൽ എൻ.സി.ഡി.സി യുടെ നവജ്യോതിയും , രണ്ടാം ട്രാക്കിൽ കെ.റ്റി. ബി.സി കുമരകത്തിന്റെ അമ്പലക്കടവനും , മുന്നാം ട്രാക്കിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിന്റെ മണലിയും തമ്മിൽ മത്സരിക്കും. 2007 ൽ നീരണിഞ്ഞ അമ്പലക്കടവൻ വള്ളം നെഹ്റു ട്രോഫി , ചമ്പക്കുളം ഉൾപ്പെയുള്ള നിരവധി പ്രശസ്ഥ മത്സരങ്ങളിൽ ഹാട്രിക് ഉൾപ്പടെ നിരവധി വിജയങ്ങൾ നേടിയിട്ടുണ്ട്. നവജ്യോതി വെപ്പു വള്ളം അടുത്ത കാലത്ത് നീറ്റിലിറക്കിയ വള്ളവുമാണ്. അമ്പലക്കടവന്റെ ക്യാപ്റ്റൻ വിജീഷ് പുളിക്കലും നവജ്യോതിയുടെ ക്യാപ്റ്റൻ അശ്വിൻ റോച്ചാ ചാക്കോയുമാണ്.
ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ കോട്ടയത്ത് നിന്നും ഇത്തവണ വള്ളങ്ങൾ മത്സരിക്കുന്നില്ല. ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സിൽ രണ്ടാം ട്രാക്കിൽ നടുഭാഗം ബോട്ട് ക്ലബ്ബ് തുഴയുന്ന നടുഭാഗം ചുണ്ടനും , മുന്നാം ട്രാക്കിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടനും മത്സരിക്കും. രണ്ടാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടിയും , രണ്ടാം ട്രാക്കിൽ ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും ഏറ്റുമുട്ടും.മുന്നാം ഹീറ്റ്സിൽ മുന്നാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻജിയും മത്സരിക്കും.