/sathyam/media/media_files/2025/08/13/changanaserry-general-hospital-2025-08-13-17-54-20.jpg)
കോട്ടയം: കിഫ്ബി വഴി 80 കോടി രൂപ മുടക്കി ആധുനിക രീതിയിൽ. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ നവീകരണപ്രവൃത്തികൾക്ക് ശനിയാഴ്ച (ഓഗസ്റ്റ് 16) തുടക്കം. പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം രാവിലെ 9.30ന് നിലവിലുള്ള ആശുപത്രി കെട്ടിടത്തിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
54.87 കോടി രൂപ ഉപയോഗിച്ച് അഞ്ചു നിലകളിലായാണ് പുതിയ കെട്ടിടം വരുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് മേജർ ഓപ്പറേഷൻ തിയേറ്ററുകൾ, ഒരു മൈനർ ഓപ്പറേഷൻ തീയേറ്റർ, കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോവിഭാഗം, നേത്രരോഗവിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽവിഭാഗം, ഇ.എൻ.ടി വിഭാഗം, ത്വഗ്രോഗ വിഭാഗം തുടങ്ങിയവയും ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഡ്യൂട്ടി മുറികൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികൾ,
വയോജന-ശിശു സൗഹൃദ മുറികൾ, ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങൾ, പോലീസ് എയ്ഡ് പോസ്റ്റ്, സി.റ്റി. സ്‌കാൻ, ഫാർമസി, റേഡിയോളജി, ശൗചാലയ കെട്ടിടങ്ങൾ, സർജിക്കൽ വാർഡുകൾ, റസ്റ്റ് റൂമുകൾ, കാന്റീൻ, ഐസൊലേഷൻ റൂം, പ്ലാസ്മ സ്റ്റോർ മുറി, കൗൺസലിംഗ് മുറി, ലിഫ്റ്റ് സംവിധാനം തുടങ്ങിയ അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ബാക്കി തുക ഉപയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.