കങ്ങഴ: സങ്കീർണമായ പ്രതിസന്ധികൾ നേരിടുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കാവുന്നതാണെന്ന് കോട്ടയം ജില്ലാ ചെയർമാൻ ഡോ. അരുൺ കുര്യൻ അറിയിച്ചു. മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജിന്റെ കിന്റർഗാർട്ടൻ ബിരുദ സമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളെ മൂല്യബോധത്തിൽ വളർത്തുകയെന്നത് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും സമൂഹത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളുടെ മാതൃകകളാണ് ഇന്നത്തെ തലമുറ പിന്തുടരേണ്ടതെന്നും ഡോ. അരുൺ കുര്യൻ ഓർമിപ്പിച്ചു. സമ്മേളനത്തിൽ മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. ആന്റണി കാചംകോട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രീ സ്കൂൾ പൂർത്തീകരിച്ച കിന്റർഗാർട്ടൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ്, അധ്യാപക പ്രതിനിധികളായ സോഫി ജയിംസ്, അനൂപ് പി.റ്റി, രക്ഷകർതൃ പ്രതിനിധി റാണി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. കിന്റർ ഗാർട്ടനിലെയും മുതിർന്ന ക്ലാസുകളിലെയും വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
/sathyam/media/media_files/2025/03/07/NptXyPxJPGOFyWK1ZVsu.jpg)
വ്യത്യസ്ത ക്രമീകരണങ്ങൾക്ക് സ്കൂൾ ലോക്കൽ മാനേജർ റവ.സിസ്റ്റർ സീന ജോസ്, പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, കിന്റർഗാർട്ടൻ കോഓർഡിനേറ്റർ സുനിതകുമാരി സി. ജി. തുടങ്ങിയവർ നേതൃത്വം നൽകി.