/sathyam/media/media_files/2025/10/06/fbf2b371-4e6d-4db6-b687-84995bd2624d-2025-10-06-17-05-19.jpg)
കടുത്തുരുത്തി: ആക്രി പെറുക്കി സഹപാഠിക്കു വീടൊരുക്കി സണ്‍ഡേ സ്‌കൂളിലെയും ചെറുപുഷ്പ മിഷന്‍ ലീഗിലെയും കുട്ടികള്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുട്ടികളാണ് ആര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
ഹോം പാലാ പദ്ധതിയുടെ ഭാഗമായി പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടുനുബന്ധിച്ചു താഴത്തുപള്ളിയില്‍ പൂര്‍ത്തിയാക്കുന്ന 11 -ാമത്തെ ഭവനമാണിത്. ഭവനത്തിന്റെ വെഞ്ചരിപ്പ് വ്യാഴാഴ്ച്ച (ഒമ്പതിന്) വൈകൂന്നേരം നാലിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു. പൂര്‍ണമായി നിര്‍മിച്ചു നല്‍കിയ 11 വീടുകള്‍ കൂടാതെ നിരവധി വീടുകള്‍ അറ്റകുറ്റ പണികള്‍ നടത്തി വാസയോഗ്യമാക്കി നല്‍കാനും ഇടവകയ്ക്കു കഴിഞ്ഞു.
ആക്രി പെറുക്കി വിറ്റ് ഏതാണ്ട് നാല് ലക്ഷത്തോളം രൂപ കുട്ടികള്‍ ശേഖരിച്ചു. കൂടാതെ ഭവനിര്‍മാണ സഹായ കൂപ്പണിലൂടെയും പണം കണ്ടെത്തി. കൂടാതെ ഉദാരമതികളില്‍ നിന്നും സഹായം സ്വീകരിച്ചു ബാക്കി പണം ഇടവകയില്‍ നിന്നും നല്‍കി. ഏതാണ്ട് ഒമ്പത് ലക്ഷത്തോളം രൂപയാണ് വീടിന് ചിലവായത്. ഇടവകയില്‍ വീടില്ലാത്തവര്‍ ആരുമുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.
വികാരിക്കൊപ്പം സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, കൈക്കാരന്മാരായ സോണി ആദപ്പള്ളില്‍, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, ഭവനനിര്‍മാണകമ്മിറ്റിയിലെ ജോര്‍ജ് പുളിക്കീല്‍, ജോര്‍ജ് നിരവത്ത്, ജോസഫ് ചീരക്കുഴി എന്നിവരാണ് ഇടവകയിലെ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.