/sathyam/media/media_files/2025/08/24/csv05013-2025-08-24-20-58-54.jpg)
കോട്ടയം: അഞ്ചുവർഷംകൊണ്ട് നൂറ് പാലങ്ങൾ എന്നാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും നാലുവർഷത്തിനുള്ളിൽ തന്നെ നൂറ് പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചുവെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. മാന്നാനം പാലത്തിൻ്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറ്റി അമ്പതുപാലങ്ങൾ എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിയെന്നും പാലം നിർമ്മാണം ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി ഏറ്റെടുത്ത സർക്കാരാണിതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഏറ്റവും ഉയർന്ന തുകയിൽ നിർമ്മിക്കുന്ന പാലമാണ് മാന്നാനം കൈപ്പുഴ റൂട്ടിലുള്ള മാന്നാനം പാലമെന്ന് മാന്നാനത്തു നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കമ്പനിക്കടവ് പാലം , കുമരകം കോണത്താറ്റ് പാലം എന്നിവ അടുത്ത മാസത്തോടെ പൂർത്തിയാകുമ്പോൾ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഏറ്റെടുത്ത മുഴുവൻ പാലങ്ങളുടെയും നിർമാണം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 24.83 കോടി രൂപ ചെലവഴിച്ചു ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പാലം നിർമാണം. 228.7 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും വർഷകാല ജലനിരപ്പിൽ നിന്ന് ആറുമീറ്റർ ഉയരത്തിലുമാണ് പണിയുന്നത്.
ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി, മുൻ എം.പി. തോമസ് ചാഴികാടൻ ,നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗ്രാമപഞ്ചാത്തംഗങ്ങളായ പി.ഡി. ബാബു, ടി.എം. ഷിബുകുമാർ, കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ ജി.ആർ. ബിജു, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, ഫാ. ജെയിംസ് മുല്ലശ്ശേരി , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, കെ.ഐ. കുഞ്ഞച്ചൻ, ജോസ് ഇടവഴിക്കൻ, രാജീവ് നെല്ലിക്കുന്നേൽ, ബിനു ജോസഫ്, കെ. സജീവ്കുമാർ, ജയപ്രകാശ് കെ. നായർ, സുധീഷ് ബോബി, കെ.പി. സലിംകുമാർ, സംഘാടകസമിതി കൺവീനർ പി.കെ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.