ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

New Update
consumer protection kottayam1.jpg

കോട്ടയം: ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയെന്ന പരാതിയിൽ ഹോട്ടലിനും ഓൺലൈൻ ഭക്ഷണവിതരണ പ്‌ളാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.
 
 ഏറ്റുമാനൂർ സ്വദേശി വിഷ്ണുവാണ് പരാതിക്കാരൻ. 2024 നവംബർ പത്തിന് അതിരമ്പുഴ മൂപ്പൻസ് ഹോട്ടലിൽനിന്ന് സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത മുട്ട ബിരിയാണിയിൽനിന്നു ചത്ത പഴുതാരയെ കിട്ടിയെന്നാണ് പരാതി.
   
 പരാതിക്കാരൻ കേരള ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെടുകയും ഫോട്ടോ സഹിതം പരാതി ഇ-മെയിൽ ചെയ്യുകയും ചെയ്തു. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന് ഇ-മെയിൽ വഴി അറിയിച്ചെങ്കിലും പണം ലഭിച്ചില്ല. തുടർന്നാണ് പരാതി നൽകിയത്.

Advertisment

   പാകം ചെയ്തതും വിതരണം ചെയ്തതുമായ ഭക്ഷണത്തിൽ പഴുതാരയെ കണ്ടെത്തിയത് ഹോട്ടലിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നു കമ്മീഷൻ കണ്ടെത്തി. പാചകം ചെയ്യുമ്പോഴും പായ്ക്ക് ചെയ്യുമ്പോഴും തങ്ങൾ പിന്തുടരുന്ന ശുചിത്വ പ്രോട്ടോക്കോൾ ട്രേഡ് സീക്രട്ട് ആയതിനാൽ വിശദീരിക്കാനാവില്ലെന്ന മൂപ്പൻസ് ഹോട്ടലിന്റെ വാദം നിലനിൽക്കാത്തതാണെന്നും വ്യക്തിവൈരാഗ്യമാണു പരാതിക്ക് പിന്നിലെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കമ്മിഷൻ വിലയിരുത്തി.

ഓൺലൈൻ പ്ലാറ്റ്‌ഫോം ആയതിനാൽ തങ്ങൾക്ക് ഹോട്ടലിലെ ഭക്ഷണത്തിന്റെ നിലവാരത്തിൽ ഉത്തരവാദിത്വവുമില്ല എന്ന സൊമാറ്റോയുടെ നിലപാടും കമ്മിഷൻ തള്ളി. തങ്ങളുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഹോട്ടലുകളിൽ സുരക്ഷിതമായ രീതിയിൽ പാചകം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സൊമാറ്റോയ്ക്ക് ഉണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

  മൂപ്പൻസ് ഹോട്ടൽ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകാൻ ഉത്തരവിട്ടു. കൂടാതെ ബിരിയാണിയുടെ വില തിരികെ നൽകാനും 25,000 രൂപ നഷ്ടപരിഹാരമായി നൽകാനും സൊമാറ്റോയോടും അഡ്വ. വി.എസ.് മനുലാൽ പ്രസിഡന്റും അഡ്വ ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.

Advertisment