താനൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ മറികടക്കാനും വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുക്കളെ ലക്ഷ്യം വെച്ചും സി.പി.എം ഏറ്റെടുത്ത് നടത്തുന്ന ആർ.എസ് എസിൻ്റെ വംശീയ അജണ്ടകളും മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും കേരളത്തിലെ രാഷ്ട്രീയ സാമൂഹീക അന്തരീക്ഷത്തിൽ അപകടകരമാണെന്നും ശക്തമായി തന്നെ തെരുവിൽ നേരിടുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി. ടി സുഹൈബ്.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ മാർക്സിസത്തെ തിരിച്ചറിയുക സി.പി.എമ്മിൻ്റെ മുസ്‌ലിം വിരുദ്ധ വംശീയതയെ ചെറുക്കുക എന്ന തലക്കെട്ടിൽ താനൂരിൽ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതാക്കൾ ജില്ലാ സമ്മേളനങ്ങളിലും മറ്റും ആർ.എസ്.എസിനെ തോൽപ്പിക്കുന്ന ഹിന്ദുത്വ വാദങ്ങളാണ് കേരളത്തിൽ ഉയർത്തിയത്.
പല മുസ്‌ലിം സംഘടനകളെയും മുന്നിൽ വെച്ച് ഇസ്‌ലാമോഫോബിക് ആശയങ്ങൾ പടച്ച് വിട്ട് മുസ്ലിം സമുദായത്തിനകത്തും കേരള പൊതുമണ്ഡലത്തിലും ഭീകരമായ ആഘാതമാണ് സിപിഎം സൃഷ്ടിക്കുന്നത്. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
പൊതു സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഡോ. നഹാസ് മാള, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷെഫീഖ്, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബാബുരാജ് ഭഗവതി,
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള വൈസ് ഷമീമ സക്കീർ, അഭിഭാഷകനും സാമൂഹിക നിരീക്ഷകനുമായ അഡ്വ. അമീൻ ഹസ്സൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അജ്മൽ കെ പി അധ്യക്ഷതവഹിച്ചു, ജനറൽ സെക്രട്ടറി അജ്മൽ കെ എൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു.