സിഎസ്ആർ അവാർഡ്‌ : ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ നാമനിർദേശം ക്ഷണിച്ചു

New Update
CSR Award
തിരുവനന്തപുരം: ആഗോള കമ്പനികളും സ്ഥാപനങ്ങളും നടപ്പാക്കുന്ന സാമൂഹിക ഉത്തരവാദിത്തമുള്ള സംരംഭങ്ങളെ ആദരിക്കുന്നതിനായി ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) ടിഎംഎ സിഎസ്ആര്‍ അവാര്‍ഡ് 2025 ന് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
Advertisment


വന്‍കിട കമ്പനികള്‍ക്ക് തൊഴിലും ഉത്പന്നങ്ങളും സേവനവും നല്‍കുന്നതിനപ്പുറം സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനും സാധിക്കും എന്ന ആശയമാണ് 2012 ല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന് പിന്നില്‍. പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.

എച്ച്എല്‍എല്‍ ലൈഫ് കെയര്‍, കിംസ് ഹെല്‍ത്ത്, ടെറുമോ പെന്‍പോള്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ശോഭ ഡെവലപ്പേഴ്സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അദാനി വിഴിഞ്ഞം പോര്‍ട്ട്, ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണന്‍, യുഎസ്ടി, ഐബിഎസ് സോഫ്ട്വെയര്‍ എന്നിവ മുന്‍കാലങ്ങളില്‍ ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന ജൂറിയാണ് നാമനിര്‍ദേശങ്ങള്‍ പരിശോധിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനത്തുടനീളമുള്ള കമ്പനികളില്‍ നിന്ന് വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നത്.

അപേക്ഷിക്കാനുള്ള ലിങ്ക്: https://forms.gle/7a2oBiNqgWc8vuqj8 അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ജൂലൈ 10.

പൂരിപ്പിക്കേണ്ട അപേക്ഷാ ഫോം, ചോദ്യാവലി, പദ്ധതിയുടെ വിശദാംശങ്ങള്‍, ചെലവാക്കിയ തുക എന്നീ വിശദാംശങ്ങള്‍ അടങ്ങിയ നാമനിര്‍ദേശം tmatvmkerala@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: tmakerala.com/invitation-for-nominations-tma-csr-award-2025.h-tml

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രമുഖ മാനേജ്മെന്‍റ് അസോസിയേഷനാണ് ടിഎംഎ.

Advertisment