/sathyam/media/media_files/nspZvC2cEFSyzwn8z6rU.jpeg)
ആലപ്പുഴ∙ രാവിലെ ധൻബാദ് എക്സ്പ്രസിനെ ആശ്രയിച്ച് എറണാകുളത്തും തൃശൂരും ജോലിക്ക് എത്തുന്ന ആയിരക്കണക്കിനു സഞ്ചാരികളെ ബുദ്ധിമുട്ടിച്ചു ട്രെയിനിന്റെ വൈകിയോട്ടം. ആലപ്പുഴ സ്റ്റേഷനിൽ നിന്നു രാവിലെ 6നു പുറപ്പെടേണ്ട ആലപ്പുഴ– ധൻബാദ് എക്സ്പ്രസ് (13352) ഇന്നലെ രാവിലെ 6.50ന് ആണ് പുറപ്പെട്ടത്. ട്രെയിനിന്റെ തകരാർ കണ്ടെത്താൻ വൈകിയതാണു കാരണം.
സാധാരണ നിലയിൽ കംപ്യൂട്ടർ സംവിധാനം ട്രെയിൻ ഓടുമ്പോൾ തന്നെ തകരാറുകൾ കണ്ടെത്തുന്നതാണ്. എന്നാൽ ധൻബാദിൽ അതുണ്ടായില്ല. ട്രെയിൻ പിറ്റ്‌ലൈനിലേക്കു മാറ്റി പരിശോധിച്ചപ്പോഴാണ് ഒരു എസി കോച്ചിന്റെ സസ്പെൻഷൻ സ്പ്രിങ് പൊട്ടിയതായി കണ്ടെത്തിയത്. രാത്രി 12.30നാണു റിപ്പോർട്ട് ചെയ്തത്. തുടർന്ന് എറണാകുളത്തു നിന്ന് കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിൽ (16356) ഘടിപ്പിച്ചാണു താൽക്കാലിക കോച്ച് എത്തിച്ചത്. ഈ ട്രെയിൻ പുലർച്ചെ 5.40നാണ് ആലപ്പുഴയിലെത്തിയത്. ട്രെയിനിൽ നിന്നു കോച്ച് ഇളക്കി മാറ്റി ധൻബാദിൽ ഘടിപ്പിച്ചു യാത്ര പുറപ്പെടുമ്പോഴേക്കും 50 മിനിറ്റോളം വൈകി.
എറണാകുളത്ത് 7.20aന് എത്തേണ്ട ട്രെയിൻ 7.54നും തൃശൂർ 8.47ന് എത്തേണ്ട ട്രെയിൻ 9.43നുമാണ് എത്തിയത്. എറണാകുളത്തു നേവൽ ബേസിൽ ഉൾപ്പെടെ ജോലിക്കു പോകുന്ന പലർക്കും ധൻബാദ് സമയത്ത് എത്തിയില്ലെങ്കിൽ കൃത്യസമയത്തു ജോലിക്കു കയറാനാകില്ല. ലീവ് ആയി മാർക്ക് ചെയ്യപ്പെടുമെന്നു വന്നതോടെ പലരും യാത്ര ഒഴിവാക്കി സ്ഥാപനത്തിൽ ലീവ് പറഞ്ഞു തിരികെ മടങ്ങേണ്ടി വന്നെന്ന് ആലപ്പുഴ– തൃശൂർ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഹൈദർ അലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us