New Update
/sathyam/media/media_files/2025/09/27/shanthigiri-2025-09-27-14-37-39.jpg)
തൊടുപുഴ: വഴിത്തല ശാന്തി​ഗിരിയിൽ ഭിന്നശേഷി പുനരധിവാസത്തിൻ്റെ നൂതന പദ്ധതികളുടെ ഉദ്ഘാടനം മുവാറ്റുപുഴ കാർമ്മൽ പ്രൊവിൻഷ്യാൾ ഫാദർ മാത്യു മഞ്ഞകുന്നേൽ നിർവഹിച്ചു.
Advertisment
സാമൂഹ്യ നീതി ഓഫീസർ വി.എ ഷംനാദ് മുഖ്യപ്രഭാഷണം നടത്തി.. കാർമ്മൽ പ്രോവിൻസ് കൗൺസിലർ ഫാദർ പോൾ കാടാംകുളം, ശാന്തി​ഗിരി കോളേജ് പ്രിൻസിപ്പൽ ഫാദർ ജോസ് തുറവയ്ക്കൽ, പുറപ്പുഴ ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.കെ ഭാസ്കരൻ തുടങ്ങിയവർ പ്രസം​ഗിച്ചു. ഫാദർ പോൾ പാറക്കാട്ടേൽ സ്വാ​ഗതവും പി.പി തങ്കപ്പൻ നന്ദിയും പറഞ്ഞു.
150 തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതിയായ ശാന്തി ഭവനം പദ്ധതി, 100 സ്വയം തൊഴിൽ പദ്ധതികൾ ഉൾപ്പെടുന്ന ശാന്തി ശാക്തീകരണം, മെഡിക്കൽ ക്യാമ്പുകൾ, ക്രിത്രിമോപകരണങ്ങളുടെ വിതരണം, ബോധവൽക്കരണ പരിപാടികൾ, പഠന വൈകല്യമുള്ള കുട്ടികളുടെ പരിശീലന കോഴ്സ്, ഉന്നത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും, പുനരധിവാസ വിവര ശേഖരണവും പ്രചരണവും, ഭിന്നശേഷി സം​ഗമം, സെമിനാറുകൾ, തടസ്സ രഹിത നിർമ്മാണ പ്രചാരവും വക്കാലത്തും തുടങ്ങിയ നൂതന പദ്ധതികൾക്കാണ് തുടക്കമായത്.
1988ൽ വഴിത്തലയിൽ ആരംഭിച്ച ശാന്തി​ഗിരി പുനരധിവാസ കേന്ദ്രത്തിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾ 37 വർഷങ്ങൾ പിന്നിടുകയാണ്. 1988ൽ ആരംഭിച്ച ശാന്തി​ഗിരി ഹോസ്റ്റൽ ഇന്നും വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ താമസവും പഠന പരിശീലന സൗകര്യങ്ങളും നൽകുന്നു. ഇത് അവർക്ക് ഒരു രണ്ടാം ഭവനമാണ്. ഇവിടെ താമസിച്ചുകൊണ്ട് അവർക്ക് കോളേജ് പഠനം വരെ പൂർത്തിയാക്കുവാനും അതുവഴി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ചേരുവാനും സാധിക്കുന്നു.
വൈകല്യമുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ 2002ൽ സ്ഥാപിതമായ ശാന്തി​ഗിര കോളേജിൽ ഏഴ് യു.ജി പ്രോ​ഗ്രാമുകളിലും നാല് പി.ജി പ്രോ​ഗ്രാമുകളിലുമായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. ഭിന്നശേഷിക്കാർക്ക് അഡ്മിഷനിൽ മുൻ​ഗണനയും പഠന സ്കോളർഷിപ്പും സൗജന്യ ഹോസ്റ്റൽ സൗകര്യവും ലഭിക്കുന്നു. 2016ൽ ആരംഭിച്ച എം.ബി.എ കോളേജും ഇവിടെ പ്രവർത്തിക്കുന്നു. വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ 2004ൽ സ്ഥാപിതമായ ശാന്തി​ഗിരി പ്രസ് ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും നൽകുന്നു.
ഐ.റ്റി മേഖലയിൽ നൈപുണ്യമുള്ള ഭിന്നശേഷിക്കാർക്ക് ജോലി നൽകുകയെന്ന ലക്ഷ്യത്തോടെ 2006ൽ സ്ഥാപിതമായ ശാന്തി സോഫ്റ്റ് ടെക്നോളജീസ് ഇന്ന് സോഫ്റ്റ് വെയർ വികസനത്തിലും ഉൽപ്പന്ന നിർമ്മാണത്തിലും വെബ്സൈറ്റ് നിർമ്മാണത്തിലും പരിശീലന പ്രോ​ഗ്രാമുകളിലും മുൻ നിരയിലണ്. ശാന്തി​ഗിരി വർക്ക് ഷോപ്പ് ശ്രവണ വൈകല്യമുള്ളവർക്ക് തൊഴിൽ നൽകാൻ വേണ്ടി 2012ൽ ആരംഭിച്ചതാണ്.
സ്കൂൾ, കോളേജ് ഫർണീച്ചറുകൾ, കെട്ടിടങ്ങളുടെ മേൽപ്പുര നിർമ്മാണം തുടങ്ങിയവ ശാന്തി​ഗിരി വർക്ക്ഷോപ്പ് ചെയ്തു കൊടുക്കുന്നു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ആധുനീക ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തിക്കുന്നു. വൈകല്യമുള്ളവർക്ക് വിവാഹവും കുടുംബ ജീവിതവും അവകാശപ്പെട്ടതാണെന്നും അത് അവർക്ക് സാധ്യമാണ് എന്ന ഒരു സന്ദേശമാണ് 2002ൽ സ്ഥാപിതമായ മാര്യേജ് ബ്യൂറോ, സമൂഹത്തിന് നൽകുന്നത്.