ഡോ.കെ.കെ.രാജന്‍ എ.ഐ.സി.റ്റി.ഇ.യുടെ ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ് കരിക്കുലം കമ്മിറ്റി മെമ്പര്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
DR KK RAJAN

തൊടുപുഴ: ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പുതിയതായി ആരംഭിക്കുന്ന ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ് മൈനര്‍ സ്‌പെഷ്യലൈസേഷന്‍ കരിക്കുലം കമ്മിറ്റി മെമ്പറായി എ.ഐ.സി.റ്റി.ഇ. ഡോ.കെ.കെ.രാജനെ നിയമിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഊര്‍ജ്ജ സുരക്ഷയ്ക്കായി ഇന്ത്യയില്‍ ആണവ ഊര്‍ജ്ജത്തിന്റെ സാധ്യത പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. 


Advertisment

ഇതിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ്  പാഠ്യപദ്ധതി ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. 2070 ഓടെ ഇന്ത്യയെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ മുന്നോടിയായാണ്  സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ന്യൂക്ലിയര്‍ എനര്‍ജിയെക്കുറിച്ചുള്ള പഠനങ്ങള്‍ സിലബസിന്റെ ഭാഗമാക്കുന്നത്. 


ഇതിനുവേണ്ടി അനുയോജ്യമായ കരിക്കുലവും സിലബസും രൂപീകരിക്കുവാനാണ് ആണവശാസ്ത്ര രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിദഗ്ധ സമിതിയെ രൂപീകരിച്ചിരിക്കുന്നത്. കമ്മറ്റിയില്‍ ആകെ 10 അംഗങ്ങളാണുള്ളത്.    


ഡോ.കെ.കെ.രാജന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജിയുടെ കല്‍പ്പാക്കം ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചില്‍ ഡിസ്റ്റിന്‍ഗ്യൂഷ്ഡ് സയന്റിസ്റ്റായും ഫാസ്റ്റ് റിയാക്ടര്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഡയറക്ടറായും , കൂടാതെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ ആയി ആറ് വര്‍ഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ഫാസ്റ്റ് ബ്രീഡര്‍ പ്രൊജക്റ്റ് ഡിസൈന്‍ സേഫ്റ്റി കമ്മിറ്റിയുടെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചുവരുന്നു.


കോഴിക്കോട് എന്‍.ഐ.റ്റി. യില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഡോ.രാജന്‍ ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ഫാസ്റ്റ് റിയാക്ടര്‍ ഇന്‍സ്ട്രമെന്റെഷനില്‍ പി.എച്ച്.ഡി.യും എടുത്തിട്ടുണ്ട്. ഇപ്പോള്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്നു. ഡോ.രാജന്‍ മുവാറ്റുപുഴ ആരക്കുഴ കാവുംചിറ കുടുംബാംഗമാണ്

Advertisment