New Update
/sathyam/media/media_files/2025/04/03/dZfR9MgSpOH6r9zyEvs3.jpg)
തിരുവനന്തപുരം:മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. പി.സി നായര്‍ ഫൗണ്ടേഷന്‍റെ 2025 ലെ വരദേവി പുരസ്കാരം പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പ്രൊഫ. ജി.എന്‍ പണിക്കര്‍ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
Advertisment
ഏപ്രില്‍ 10 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ പുരസ്കാരം സമ്മാനിക്കും.
കഥാകൃത്ത്, നോവലിസ്റ്റ്, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ജി.എന്‍ പണിക്കരുടെ നീരുറവകളുടെ ഗീതം എന്ന കഥാസമാഹാരം 1982 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
നമ്മുടെയും അവരുടെയും, നീരുറവകള്‍ക്ക് ഒരു ഗീതം, വെറുതെ ഒരു മോഹം, ഇനി യാത്ര പറഞ്ഞിടട്ടെ, ഒരു ദിവസം ഒരു യുഗം തുടങ്ങിയവ പ്രധാന കൃതികളാണ്. കരൂര്‍ അവാര്‍ഡ്, തിരുവനന്തപുരം തമിഴ് സംഘത്തിന്‍റെ ഉള്ളൂര്‍ സ്മാരക പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള പി. കേശവദേവ് സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചിറ്റൂര്‍, തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഇരുപതു വര്‍ഷം അധ്യാപകനായിരുന്നു.
പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ ഡോ. പി.സി നായര്‍ ഫൗണ്ടേഷന്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.ജി ശശിഭൂഷണ്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍ നായര്‍, ഫൗണ്ടേഷന്‍ കാര്യദര്‍ശി കെ.രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനും അമേരിക്കയിലെ നിരവധി കോളേജുകളില്‍ ധനതത്വശാസ്ത്ര പ്രൊഫസറുമായിരുന്ന ഡോ. പി.സി നായരുടെ പേരിലുള്ള ഫൗണ്ടേഷനാണ് വരദേവി പുരസ്കാരം നല്‍കുന്നത്.