സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി ഉപയോഗം: മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലർ ഡോ.പി. ചന്ദ്രമോഹന്‍

New Update
P CHANDRAMOHAN

ശിവഗിരി: സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി ഉപയോഗവും അതിലൂടെ രൂപപ്പെടുന്ന അക്രമവും ആണെന്നും ഇവ പരസ്പര പൂരകമെന്നും മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറും ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര ഉപാധ്യക്ഷനുമായ ഡോ.പി. ചന്ദ്രമോഹന്‍ അഭിപ്രായപ്പെട്ടു.

Advertisment

 ശിവഗിരി മഠത്തില്‍ ഗുരുധര്‍മ്മ പ്രചരണ സഭ സംഘടിപ്പിച്ച ഗുരുധര്‍മ്മ പ്രചാരക പരിശീലന ക്ലാസില്‍ ലഹരി മുക്തി ഗുരുദേവദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ പഠന ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.


ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ സമയാസമയങ്ങളില്‍ അവ ഉപയോഗിക്കണ മെന്നുള്ള ആഗ്രഹം ജനിപ്പിക്കും. ലഹരി ഉപയോഗിക്കുന്നവരുടെ മാനസിക നിലയില്‍ മാറ്റം വരും. മനുഷ്യനെ മൃഗതുല്യരാക്കും. സഹജീവികളെ കൊല്ലുന്നതിനു പോലും മടിയില്ലാത്തവരായി തീരും ഇക്കൂട്ടര്‍.

ഗുണകരമായതൊന്നും മദ്യത്തില്‍ നിന്നും ലഭിക്കുന്നില്ല എന്നും, മറിച്ച് ദോഷങ്ങളെ ഉള്ളൂ എന്നും പൊതുസമൂഹം തിരിച്ചറിഞ്ഞ് മദ്യലഭ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടരണം. മദ്യപിക്കുന്ന പിതാവിന്‍്റെയും മാതുലന്‍്റെയും അധ്യാപകന്‍റെയും രീതി മക്കളെയും വിദ്യാര്‍ത്ഥികളെയും മദ്യപാനികള്‍ ആകാന്‍ പ്രേരിപ്പിക്കുന്നു.


പുകയില മുറുക്കുന്നവരിലേക്കും പുകവലിക്കുന്നവരിലേക്കും ക്യാന്‍സര്‍ വ്യാപകമായി കടന്നുവരുന്നു. പുകയിലയും പാക്കും ദോഷവസ്തുക്കളാണ്. കവിളിലും നാക്കിലും തൊണ്ടയിലും മുന്‍പ് കാണാന്‍ കഴിഞ്ഞിരുന്ന ക്യാന്‍സര്‍ ഇന്ന് ഭക്ഷ്യവസ്തുക്കളില്‍ കൂടി വ്യാപകമാവുകയാണ്. പച്ചക്കറികളില്‍ ഉപയോഗിക്കുന്ന വിഷം മാരകമാണ്. 

മൂന്ന് തവണയെങ്കിലും നന്നായി കഴുകിയേ പച്ചക്കറി ഇനങ്ങള്‍ ഉപയോഗിക്കാവൂ. മദ്യപാനം കണ്ടുകൊണ്ടിരിക്കുന്ന ബാല്യം അത് ഉപയോഗിക്കാന്‍ പ്രേരിതരാകുമ്പോള്‍ വിദ്യാലയങ്ങളില്‍ മറ്റും അക്രമം നിത്യസംഭവമാകുന്നു. കൊലപാതകങ്ങള്‍ വരെ വിദ്യാര്‍ത്ഥികളിലൂടെ സംഭവിക്കുന്ന കാഴ്ചയാണ് സമീപകാലത്തുണ്ടായത്.


ഈ സാമൂഹിക വിപത്തിനെ ഇല്ലാതാക്കാന്‍ സമൂഹം ഒന്നാകെ രംഗത്ത് വരണമെന്നും ശ്രീനാരായണ ഗുരുദേവന്‍റെ പേരിലുള്ള എല്ലാ പ്രസ്ഥാനങ്ങളും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും ഗുരു ഉപദേശിച്ച പോലെ മദ്യനിര്‍മ്മാണം, ഉപയോഗം, വിതരണം ഇവ ഗുരുഭക്തരില്‍ നിന്നും ഉണ്ടാകരുതെന്നും ഡോ. ചന്ദ്രമോഹന്‍ തുടര്‍ന്നുപറഞ്ഞു.


 നേരത്തെ ഡോ. സനല്‍ കുമാര്‍, കുറിച്ചി സദന്‍, പുത്തൂര്‍ ശോഭനന്‍, ഇ.എം. സോമനാഥന്‍ തുടങ്ങിയവരും  ക്ലാസുകള്‍ നയിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ്  പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, സഭാ രജിസ്ട്രാര്‍ കെ. ടി. സുകുമാരന്‍ തുടങ്ങിയവര്‍ സമാപന സന്ദേശം നല്‍കി.  

റിപ്പോർട്ട്‌ സജീവ് ഗോപാലൻ

Advertisment