/sathyam/media/media_files/2025/10/10/chry-excise-office-inagu-mb-rajesh-10-10-25-2025-10-10-21-53-07.jpg)
ചങ്ങനാശേരി: ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കര്‍ശന നടപടികള്‍ ഫലം കണ്ടതായി തദ്ദേശ സ്വയംഭരണ -എക്‌സൈസ്- പാർലമെന്‍ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ചങ്ങനാശേരി എക്‌സൈസ് ഓഫീസ് സമുച്ചയത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കു മരുന്ന് കേസുകളിലെ ശിക്ഷാനിരക്കിലും ലഹരിമുക്ത പുനരധിവാസത്തിലും കേരളം രാജ്യത്ത് ഒന്നാമതാണ്. ലഹരി വ്യാപനത്തിനെതിരായ കര്‍ശനമായ ജാഗ്രത തുടരേണ്ടതുണ്ട്. ഇതിനായുള്ള എക്സൈസ് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പൊതു സമൂഹം ഒപ്പമുണ്ടാകണം.
രാജ്യത്തെ ഏറ്റവും മികച്ച എക്സൈസ് സേനയാണ് നമ്മുടേത്. സേനയെ ആധുനികവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് മൂന്നു കോടി രൂപ ചെലവിട്ട് ചങ്ങനാശേരിയില്‍ പുതിയ മന്ദിരം നിര്‍മിച്ചത്. വകുപ്പില്‍ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിത് പരിഗണനയിലാണ്. ഉടൻ തന്നെ തീരുമാനമുണ്ടാകും- മന്ത്രി അറിയിച്ചു.
ചങ്ങനാശേരി ഗവൺമെന്‍റ് ഹൈസ്‌കൂളിലെ കുട്ടികളുടെ തീയേറ്റർ ഹാളിൽ നടന്ന പരിപാടിയിൽ ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, നഗരസഭാംഗം ബീന ജോബി, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അധ്യക്ഷ മിനി വിജയകുമാർ, സൗത്ത് സോൺ ജോയിന്‍റ് എക്‌സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ.ആർ അജയ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ദീപ, തഹസിൽദാർ എസ്.കെ ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഡി. സുഗതൻ, ബാബു കോയിപ്പുറം, അഡ്വ. ജി. രാധാകൃഷ്ണൻ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ഗോപൻ മണിമുറി, മൻസൂർ പുതുവീട്, പി.എം കബീർ, ആൻ. മോഹൻകുമാർ, ടി.സജുകുമാർ എന്നിവർ പ്രസംഗിച്ചു.