കോട്ടയം :ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് 1ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റ്റിൽ നടക്കും. രാവിലെ 8.30ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിക്കും.മുന്‍ വികാരിമാർ, ഇടവക അംഗങ്ങൾ എന്നിവരെ ആദരിക്കും.
സജി കെ ജോർജ്ജ് (പ്രോഗ്രാം കോർഡിനേറ്റർ ), ജോൺ കുര്യൻ ( കൺവീനർ) , എബി മാത്യു ചോളകത്ത് , തമ്പി ജോൺ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.വിവിധ സെഷനുകളിലായി നടക്കുന്ന കുടുബ സംഗമം വൈകിട്ട് 3ന് സമാപിക്കും.
1975 ഏപ്രിൽ 13ന് സി.എസ്.ഐ പാരിഷ് കുവൈറ്റ് വികാരിയായിരുന്ന പരേതനായ റവ. വി. ഇ. മത്തായിയാണ് ഇടവകയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പായിരുന്ന പരേതനായ റവ. ടി. എസ്. ജോസഫിന്റെ നിർദ്ദേശപ്രകാരം വിശുദ്ധ കുർബാന അർപ്പിച്ച് യുഎഇയിലെ ആദ്യത്തെ സി.എസ്.ഐ ഇടവകയായി.
കഴിഞ്ഞ ഒക്ടോബർ 5ന് ആണ് സിഎസ്ഐ ദുബായ് മലയാളം ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്.ദുബായ് ജെംസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മദ്ധ്യ കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ മലയിൽ സാബു കോശി ചെറിയാൻ ആണ് ഉദ്‌ഘാടനം ചെയ്തത്. ഇടവക വികാരി രാജു ജേക്കബ് അധ്യക്ഷത വഹിച്ചു.ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായിരുന്നു. ഇടവക സ്ഥാപക അംഗം മാത്യൂ വർഗ്ഗീസ് ഇടവക ചരിത്രം പങ്കു വെച്ചു.വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.
50-ാമത് ഇടവക ദിന സ്തോത്ര ശുശ്രൂഷ ആഘോഷിച്ചു.മുംബൈ ഷാലോം മിഷൻ മിഷനറി റവ. എബ്രഹാം ജി. സത്യനാഥൻ മുഖ്യ സന്ദേശം നല്കി.ഇടവക വികാരി റവ.രാജു ജേക്കബ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.തുടർന്ന് ജൂബിലി കേക്ക് മുറിക്കുകയും ഉച്ചഭക്ഷണത്തിലും കൂട്ടായ്മയിലും പങ്കുചേരുകയും ചെയ്തു.