ശതാഭിഷിക്തനായ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനായി  ജന്മനാട്ടിൽ ആഘോഷമൊരുക്കണമെന്ന് ആസ്വാദകർ

New Update
33

പെരുമ്പാവൂർ:  പെരുമ്പാവൂരിനെ സ്വന്തം പാട്ടുകൾകൊണ്ടും ഈണങ്ങൾകൊണ്ടും മലയാള ചലച്ചിത്രസംഗീതത്തിൽ അടയാളപ്പെടുത്തിയ  സംഗീതജ്ഞനാണ് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്. ശതാഭിഷേകനിറവിൽ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ ആഘോഷങ്ങൾ ശിഷ്യരായ പിന്നണി ഗായകരെല്ലാം ചേർന്ന്  'സമം' എന്ന സംഘടനയുടെ നേതൃത്വത്തിൽ 'ഗുരുവന്ദനം' എന്ന പേരിൽ  ജനവരി 24 ബുധനാഴ്ച തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ ആഘോഷിച്ചു.

Advertisment

സ്വദേശമായ പെരുമ്പാവൂരിൽ ആഘോഷങ്ങളൊന്നും ഉണ്ടാകാത്തതിൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാട്ടുകളെയും ഇഷ്ടപ്പെടുന്ന പെരുമ്പാവൂരുകാർക്കുള്ള പരിഭവം ചെറുതല്ല.  പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനോടൊപ്പം സിനിമാ- സംഗീത രംഗങ്ങളിൽ പ്രവർത്തിച്ച പ്രമുഖ പിന്നണി ഗായകർ, ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ, ഗാനരചയിതാക്കൾ,  സഹപ്രവർത്തകരായ സംഗീത സംവിധായകർ തുടങ്ങിയ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് 'സമം'  ആഘോഷം സംഘടിപ്പിച്ചത്.  കൃത്യമായിപ്പറഞ്ഞാൽ ജനുവരി 5-നായിരുന്നു അദ്ദേഹത്തിന് 80 തികഞ്ഞ പിറന്നാൾ.

66

സംഗീതം ചെയ്ത പടങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും  അവയെല്ലാംതന്നെ ശാസ്ത്രീയ സം​ഗീതത്തിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ലളിതമധുരമായ ഗാനങ്ങളായിരുന്നു. സാധാരണക്കാർക്കുപോലും മൂളിനടക്കാവുന്ന 'മെലഡികൾ' സൃഷ്ടിച്ച, രവീന്ദ്രനാഥിന്റെ ശതാഭിഷേകം എന്തുകൊണ്ടും ആദ്യം ആഘോഷമാക്കേണ്ടിയിരുന്നത് പെരുമ്പാവൂരിലെ സഹൃദയരായിരുന്നുവെന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേളാസംഘത്തിലെ ഗായികയും അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യയുമായ 64-കാരിയായ യമുന ഗണേഷ് പറഞ്ഞു. രവീന്ദ്രനാഥിന്റെ പെരുമ്പാവൂർ കടുവാളിലെ ശാസ്തമംഗലം തറവാടിന്റെ തൊട്ടടുത്ത വീട്ടിലെ 6 വയസ്സുള്ള കുട്ടിയായിരുന്നു പണ്ട് യമുന. യമുനയിലെ ഗായികയെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്തത് രവീന്ദ്രനാഥ് ആയിരുന്നു.

അന്നദ്ദേഹം കാലടി ശ്രീശങ്കരാ കോളേജിൽ ബി.എസ്.സി. കെമിസ്ട്രിയ്ക്കു പഠിയ്ക്കുന്ന കാലം. വി.കെ.ശങ്കരപ്പിള്ള, പെരുമ്പാവൂർ ബാലകൃഷണയ്യർ  എന്നിവരിൽ നിന്നുമാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ  പ്രീ-യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ ഗായകൻ പി. ജയചന്ദ്രൻ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവക്കച്ചേരികളിലൂടെയായിരുന്നു രവീന്ദ്രനാഥിന്റെ സംഗീതരംഗത്തേയ്ക്കുള്ള ചുവടുവയ്പ്പ്. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും കാരണഭൂതനായി കാണുന്നത് പെരുമ്പാവൂരയ്യനെയാണെന്നു രവീന്ദ്രനാഥ് ഒരിയ്ക്കൽ ഒരു വേദിയിൽ പറഞ്ഞു.

കെ.ജെ. യേശുദാസിന്റെ തരംഗിണി സ്റ്റൂഡിയോയുമായി സഹകരിച്ചുകൊണ്ട് അദ്ദേഹം പ്രശസ്തമായ നിരവധി ഭക്തിഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കുറച്ചുവർഷങ്ങൾക്കു മുമ്പ് പെരുമ്പാവൂർ ക്ഷേത്രോപദേശകസമിതിയ്ക്കുവേണ്ടി തങ്കൻ തിരുവട്ടാറിന്റെ രചനയിൽ 9 ശാസ്താസ്തുതിഗീതങ്ങളടങ്ങിയ  'ശ്രീശാസ്താ ദർശനം' എന്ന ഭക്തിഗാന ആൽബം നിർമ്മിച്ചു നൽകിയിരുന്നു. ശിഷ്യരും പിന്നണിഗായകരുമായ  ജി. വേണുഗോപാൽ, വിധു പ്രതാപ്, കല്ലറ ഗോപൻ, രവിശങ്കർ എന്നിവർ സൗജന്യമായാണ് അന്ന് ആൽബത്തിനുവേണ്ടി പാട്ടുകൾ പാടി നൽകിയത്.  ഫൈൻ ആർട്ട്സ് സൊസൈറ്റി, കല ആർട്ട്സ് സൊസൈറ്റി, സ്വാതിതിരുനാൾ സംഗീതസഭ, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനം സജീവമായുള്ള പെരുമ്പാവൂരിൽ, സംഗീതാസ്വാദകരും സാംസ്‌കാരിക പ്രവർത്തകരും മനസ്സുവച്ചിരുന്നുവെങ്കിൽ ശതാഭിഷേകവേളയിൽ അദ്ദേഹത്തിന് ഉചിതമായ ഒരു ആദരം നൽകാമായിരുന്നതേയുള്ളൂവെന്ന് യമുന പറഞ്ഞു.

33

ആകാശവാണിയിലെ ജോലിയിൽ നിന്നും വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുന്നത് തിരുവന്തപുരത്താണെങ്കിലും വർഷത്തിലൊരിയ്ക്കൽ പെരുമ്പാവൂർ ധർമ്മശാസ്താക്ഷേത്രത്തിലും അയ്മുറി ശിവക്ഷേത്രത്തിലും തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലും ഭാര്യ ശോഭയോടൊപ്പം ദർശനം നടത്തണെത്തുക പതിവാണ്. സ്വന്തം നാടിനോട് അത്രയേറെ ആത്മബന്ധം ഇന്നും മനസ്സിൽ സൂക്ഷിയ്ക്കുന്ന കലാകാരനാണദ്ദേഹം. മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി, ഒന്നാം രാഗം പാടി (തൂവാനത്തുമ്പികൾ), കണ്ണിൽ നിൻ മെയ്യിൽ, നീ വിൺ പൂ പോൽ (ഇന്നലെ), കോടിയുടുത്തും  (ആലഞ്ചേരി തമ്പ്രാക്കൾ), തങ്ക കളഭ കുങ്കുമ (അക്ഷരം), ദേവഭാവന, രാവ് നിലാപ്പൂവ്, മറക്കാൻ കഴിഞ്ഞെങ്കിൽ, കൈതപ്പൂ മണമെന്തേ (സ്‌നേഹം), ഹിമഗിരി നിരകൾ (താണ്ഡവം), കാലമേ കൈക്കൊള്ളുക (സായാഹ്നം) തുടങ്ങിയ ഗാനങ്ങളിലൂടെയാണ് രവീന്ദ്രനാഥ് എന്ന ചലച്ചിത്രസംഗീതസംവിധായകൻ ശ്രദ്ധേയനായത് എന്ന് വേങ്ങൂർ മാർ കൗമ ഹൈസ്‌കൂളിൽ നിന്നും വിരമിച്ച സംഗീതാധ്യാപിക കെ. കെ. ശാരദക്കുഞ്ഞമ്മ ചൂണ്ടിക്കാട്ടി.

ലളിതഗാനസംവിധായകനെന്ന നിലയിൽ ആകാശവാണിയുടെ ദേശീയപുരസ്‌കാരം 1984,1987,1994 എന്നീ വർഷങ്ങളിൽ രവീന്ദ്രനാഥ് സ്വന്തമാക്കിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്‌. 2013-ൽ ഭാരത സർക്കാറിന്റെ സാംസ്‌കാരിക മന്ത്രാലയത്തിൽ നിന്ന് കർണ്ണാടകസംഗീതത്തിൽ സീനിയർ റിസർച്ച് ഫെല്ലോഷിപ്പും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വൈകിയാണെങ്കിലും പെരുമ്പാവൂരിന്റെ സാംസ്‌കാരിക ഔന്നത്യം വിളിച്ചോതുന്ന ഒരു കലാ, സംസ്കാരിക പൊതുപരിപാടി അതികം വൈകാതെ പട്ടണത്തിൽ വച്ച് സംഘടിപ്പിച്ച് ആ ചടങ്ങിൽ അദ്ദേഹത്തെ ആദരിയ്ക്കണം എന്നാണ് നാട്ടുകാരായ സംഗീത, കലാസ്വാദകരുടെ ആവശ്യം. അതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടലുണ്ടാകണമെന്നും അവർ അഭിപ്രായപ്പെട്ടു.

Advertisment