സ്വാമി തിന്തക തോം തോം.. അയ്യപ്പ തിന്തക തോം തോം.. ശരണമുഖരിതമായി എരുമേലി. തീര്‍ഥാടകര്‍ക്കായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം സജ്ജം

New Update
erumeli pettya

കോട്ടയം: ശബരിമല തീര്‍ഥാടകര്‍ എത്തിയതോടെ ശരണമന്ത്രങ്ങളാല്‍ മുഖരിതമായി എരുമേലി. പല ഭാഷകള്‍ സംസാരിക്കുകയും പല സംസ്‌കാരങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഭക്തര്‍ ഒരുമിച്ച് സ്വാമി ശരണം വളിച്ചു എരുമേലിയില്‍ എത്തി പേട്ട തുള്ളി ശബരിമലയിലേക്കു പുറപ്പെടും. തീര്‍ഥാടകര്‍ക്കായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുമെല്ലാം എരുമേലിയില്‍ സജ്ജമായി. 

Advertisment

കറുപ്പ്, കാവി, നീല നിറങ്ങളിലുള്ള വസ്ത്രങ്ങളാണു സാധാരണ ധരിക്കുന്നത്. സിന്ദൂരം വാങ്ങി ദേഹത്തു പൂശും. ശരക്കോല്‍, കച്ച, ഗദ, കറപ്പു കച്ച തുടങ്ങിയവ വാങ്ങാന്‍ എരുമേലിയില്‍ സൗകര്യമുണ്ട്.വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു പേട്ട ആരംഭിക്കുന്നത്.  വാദ്യമേളക്കാര്‍ക്ക് ദേവസ്വം നിശ്ചയിച്ച ഫീസുണ്ട്. മഹിഷീനിഗ്രഹത്തിന്റെ ഓര്‍മ പുതുക്കി കമ്പില്‍ കോര്‍ത്ത കരിമ്പടത്തില്‍ പച്ചക്കറിസാമഗ്രികള്‍ നിറച്ച് തോളില്‍ ചുമന്ന് പേട്ടതുള്ളന്നവരുമുണ്ട്. കൊച്ചമ്പലത്തില്‍ ആദ്യം ദര്‍ശനം നടത്തിയ ശേഷം വാവര്‍പള്ളിയിലും ദര്‍ശനം നടത്തി പള്ളിക്കു ചുറ്റും വലംവച്ചാണ് പേട്ട സംഘങ്ങള്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.

കൊച്ചമ്പലത്തില്‍നിന്ന് വലിയമ്പലത്തിലേക്ക് വിശുദ്ധപാതയിലൂടെ 400 മീറ്റര്‍ ദൂരത്തിലാണ് പേട്ടകെട്ട് നടക്കുന്നത്. വലിയമ്പലത്തിന്റെ ഗോപുരവാതില്‍ കടന്ന് നടപ്പന്തല്‍ വരെ വാദ്യമേളക്കാര്‍ അനുഗമിക്കും. ഇവിടെ പേട്ടകെട്ട് അവസാനിപ്പിച്ച ശേഷം വലിയ തോട്ടിലെ കുളിക്കടവില്‍ തീര്‍ഥാടകര്‍ സ്‌നാനം നടത്തിയാണ് ദര്‍ശനം നടത്തുന്നത്. ദേവസ്വം ബോര്‍ഡും ഭക്ത സംഘടനകളും വലിയമ്പലത്തില്‍ അന്നദാനം ഒരുക്കിയിട്ടുണ്ട്. എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനവും ചടങ്ങുകളും പൂര്‍ത്തിയാക്കിയ ശേഷം ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്കുള്ള യാത്ര തുടരും.


മണ്ഡലമഹോത്സവം ആരംഭിക്കുമ്പോള്‍ ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളും ഇടത്താവളങ്ങളും ഒരുങ്ങി. വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രം, കൊടുങ്ങൂര്‍ ശ്രീദേവീക്ഷേത്രം എന്നിവിടങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രം ഉപദേശകസമിതികളും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ക്ഷേത്രങ്ങളില്‍ വിശേഷാല്‍പൂജകള്‍,വഴിപാടുകള്‍,മണ്ഡലഭജന അന്നദാനം എന്നിവ ഉണ്ടായിരിക്കും. അയ്യപ്പന്മാര്‍ക്ക് വിരിവെച്ച് വിശ്രമിക്കാന്‍ സൗകര്യമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ആവശ്യമെങ്കില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദിവസവും അന്നദാനവും ഉണ്ടായിരിക്കും. പ്രധാന ക്ഷേത്ത്രങ്ങളില്‍  ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ദീപാരാധനയ്ക്കു ശേഷം കെ.എസ്.ആര്‍.ടി.സി.യുടെ ബസ് സര്‍വീസും ഉണ്ടായിരിക്കും.

Advertisment